തൃക്കരിപ്പൂർ: കൊവിഡ് മൂലം മൂന്ന് ജീവനുകൾ നഷ്ടപ്പെട്ട തൃക്കരിപ്പൂരിൽ ആശങ്ക ഉയർത്തി രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നൂറിനടുത്തായി. ഇന്നലെ മാത്രം 17 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തങ്കയം താലൂക്കാശുപത്രിയിലും ഉടുമ്പുന്തല പി.എച്ച്.സിയിലും 100 പേരിൽ ആന്റിജൻ പരിശോധന നടത്തിയപ്പോഴാണ് 17 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ പഞ്ചായത്തിലെ ആകെ കേസുകളുടെ എണ്ണം 97 ആയി. ഒരാഴ്ചയ്ക്കിടെയാണ് ഇവിടെ 80 കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം ജീവനക്കാരന് പോസറ്റീവായതിനെ തുടർന്ന് അടച്ചിട്ട ഫാൻസ് സൂപ്പർ മാർക്കറ്റിലെ 13 പേരുടെ പരിശോധന ഫലവും നെഗറ്റീവായത് ആശ്വാസമായി. കഴിഞ്ഞ മൂന്ന് ദിവസം തൃക്കരിപ്പൂരിൽ പരിശോധനയുണ്ടായിരുന്നില്ല.
സമ്പർക്ക രോഗികൾ കൂടുന്നതിൽ പൊതുജനങ്ങളും ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. നേരത്തെ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ നേഴ്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കപ്പട്ടികയിലുള്ള ഏഴ് ജൂനിയർ ഹെൽത്ത് നേഴ്സുമാരും 25 ആശാവർക്കർമാരും ക്വാറന്റൈനിലാണ്.
കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്തിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ ഞായറാഴ്ച വരെ തുടരും. ഇന്നലെ നടന്ന ജാഗ്രത സമിതി യോഗത്തിൽ അഞ്ചുപേരടങ്ങുന്ന വളണ്ടിയർ കമ്മിറ്റിക്ക് രൂപം നൽകി.