ch
പരിയാരത്തെ തളിപ്പറമ്പ് സി.എച്ച് സെന്റർ കെട്ടിടം

തളിപ്പറമ്പ്: കൊവിഡ് ചികിത്സയ്ക്കിടെ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ബന്ധുക്കൾ പോലും പേടിച്ചും മടിച്ചും നിൽക്കുമ്പോൾ തളിപ്പറമ്പ് സി.എച്ച് സെന്ററിന്റെ മയ്യത്ത് പരിപാലനവിംഗ് മനുഷ്യസ്നേഹത്തിന്റെ മാതൃക തീർക്കുകയാണ്. ഏറ്റുവാങ്ങാൻ ആരുമെത്താത്തവയടക്കം എല്ലാ ചടങ്ങുകളും പൂർത്തിയാക്കി സംസ്കരിച്ചത് നൂറോളം

മൃതദേഹങ്ങളാണ്.

കണ്ണൂർ-കാസർകോട് ജില്ലകളിൽ നിന്ന് കൊവിഡ് ലക്ഷണമുള്ള നൂറുകണക്കിന് ആളുകൾ ചികിത്സ തേടി എത്തുന്ന പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിനോടനുബന്ധിച്ചാണ് ഇവർ സേവനം ചെയ്യുന്നത്.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പലപ്പോഴും ഒന്നും ചെയ്യാൻ സാധിക്കാത്ത ഈ ഘട്ടത്തിൽ സ്വാന്തനവും സഹായങ്ങളും ഭക്ഷണവുമായി സി.എച്ച് സെന്റർ വോളണ്ടിയർ സദാസമയവും ഇവിടെയുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചതിനെക്കാൾ പ്രശ്നം മറ്റ് രോഗങ്ങൾ പിടിപെട്ട് മരിച്ചവരുടെ കാര്യമാണെന്ന് ഇവർ പറയുന്നു. ഇവരുടെ സംസ്കാരവും കൊവിഡ് പ്രോട്ടോകാൾ അനുസരിച്ചാണ് നടത്തേണ്ടത്.

കൊവിഡ് പ്രോട്ടോകാൾ പ്രകാരം പി.പി കിറ്റ്, എന്നിവടയക്കം എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് വളണ്ടിയർമാർ ഇറങ്ങുന്നത്. കാസർകോട് , കാഞ്ഞങ്ങാട്, മാഹി, വിദ്യാനഗർ, തൃക്കരിപ്പൂർ, കോട്ടയം മലബാർ, പാനൂർ, അരിപ്പാമ്പ്ര, തളിപ്പറമ്പ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളും രണ്ട് അന്യ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സി.എച്ച് സെന്റർ നടപടികൾ പൂർത്തിയാക്കി മറവ് ചെയ്തു. കൂടാതെ അപകടത്തിലടക്കം മരിച്ചവരുടെ മൃതദേഹങ്ങളും ഇവർ സംസ്കരിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയിൽ മുറിച്ചു മാറ്റുന്ന അവയവങ്ങൾ മറവ് ചെയ്യുന്നതും പഴക്കം ചെന്ന ശവശരീരങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുളിപ്പിച്ചു കഫൻ ചെയ്തു അതാതു പ്രദേശത്തേക്ക് എത്തിക്കാനും ഇവർ മുന്നിലുണ്ട്.

നിർദ്ധനരായ അമ്പത് വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസും പരിശുദ്ധ റമദാനിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇഫ്താർ, ഭക്ഷണകിറ്റ്, രക്തദാനം, ആംബുലൻസ് സർവീസ് എന്നിങ്ങനെ മറ്റ് സേവനങ്ങളും സി.എച്ച് സെന്റർ നൽകിയിരുന്നു.