നീലേശ്വരം: ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കിനാനൂർ കരിന്തളം പഞ്ചായത്തിൽ വ്യാപക നഷ്ടം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി. മുക്കട, പുലിയന്നൂർ, കയനി, തലയടുക്കം, ചിമ്മത്തോട് പ്രദേശങ്ങളിലാണ് വ്യാപക നഷ്ടമുണ്ടായത്. കയനിയിലെ വി.വി.അനീഷിന്റെ വീട് പൂർണ്ണമായും തകർന്നു. അനീഷും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആസ്ബറ്റോസ് ഷീറ്റ് കാറ്റിൽ തകർന്നു. ചോയ്യങ്കോട് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ മുകളിൽ മരം പൊട്ടിവീണു. പോണ്ടിയിൽ ദാസന്റെ വീട് കാറ്റിൽ തകർന്നു.
ചോയ്യങ്കോട് വൈദ്യുതി സെക്ഷന്റെ പരിധിയിൽ വൈദ്യുതി തൂണുകൾ പൊട്ടിവീണ് മണിക്കൂറുകളോളം വൈദ്യുതി ബന്ധം താറുമാറായി.