തളിപ്പറമ്പ്. കനത്ത മഴയിലും കാറ്റിലും തളിപ്പറമ്പിൽ വ്യാപക നഷ്ടം. വൈദ്യുതി തൂണുകൾ കടപുഴകി വീണു. ബുധനാഴ്ച പുലർച്ചെ ഓടെയുണ്ടായ കനത്ത കാറ്റിലാണ് മേഖലയിൽ വ്യാപകമായി വൈദ്യുതി തൂണുകൾ കടപുഴകിയത്. മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. ചൊവ്വാഴ്ച്ച സന്ധ്യക്ക് മഴ തുടങ്ങിയപ്പോൾ പലയിടത്തും വൈദ്യുതി പോയിരുന്നു. പൂമംഗലം ആലയാട് വയൽ, ചെപ്പനൂൽ, കടമ്പേരി, വരഡൂൽ, മുയ്യം, ബക്കളം, കീഴാറ്റൂർ, ധർമ്മശാല എന്നിവിടങ്ങളിൽ വൈദ്യുതി ഇല്ലാതായി. മിക്കയിടങ്ങളിലും ഏറെ വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. ചേടിച്ചേരി അങ്കണവാടി പരിസരത്ത് തേക്ക് മരം കടപുഴകി വീണ് വൈദ്യുതി തൂൺ തകർന്നു. മടപ്പുരക്ക് സമീപം കൂറ്റൻ മരം കടപുഴകി വീണു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് മുമ്പിലെ ഗാർഡൻ മരം കടപുഴകി വീണ് നശിച്ചു. കരിമ്പം ഗവ. ആശുപത്രി, കടമ്പേരി, ധർമ്മശാല എന്നിവിടങ്ങളിലും മരം പൊട്ടി വീണു.