തലശ്ശേരി: മഴയിലും ശക്തമായ കാറ്റിലും തലശ്ശേരി മേഖലകളിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. കതിരൂർ പഞ്ചായത്തിൽപെട്ട കുണ്ടുചിറ സായാഹ്ന നഗറിൽ ബവിത നിവാസിൽ മുരിക്കോളി പവിത്രന്റെ വീട്ടുപറമ്പിലെ തെങ്ങും 5 ഓളം കവുങ്ങുകളും കടപുഴകി വീണു. മുറ്റത്ത് നിർത്തിയിട്ട കാർ തകരുകയും ബൈക്കുകൾക്ക് കേട് പാട് സംഭവിക്കുകയും ചെയ്തു. സമീപത്തെ മുരിക്കോളി വൽസലയുടെ വീട്ട് പറമ്പിലെ തെങ്ങ് വീണ് ചിമ്മിനിക്ക് കേട് പാട് സംഭവിച്ചു. പൊന്ന്യം മൂന്നാം മൈലിൽ കുണ്ടുചിറ റോഡിൽ മരം പൊട്ടിവീണ് ഗതാഗത തടസ്സമുണ്ടായി. കതിരൂർ പുളബസാറിലെ കാണിക്കണ്ടി പറമ്പിൽ ചന്ദ്രന്റെ വീട് പരിസരത്ത് മരം കടപുഴകി വീണു.വൈദ്യുതി തൂണും തകർന്നു. മഞ്ഞോടിയിൽ അർബൻ ബാങ്കിന് സമീപം റോഡിൽ മരം കടപുഴകി വീണ് ഗതാഗതതടസ്സമുണ്ടായി.