ഇരിട്ടി: ചൊവ്വാഴ്ച വൈകുന്നേരവും രാത്രിയിലുമായി നിരവധി തവണ വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും അയ്യൻകുന്ന്, പായം പഞ്ചായത്തുകളിൽ ഏക്കർകണക്കിന് നേന്ത്രവാഴകൾ നശിച്ചു. ഏകദേശം പതിനായിരത്തോളം കുലച്ച വാഴകളാണ് ഒടിഞ്ഞും മറിഞ്ഞുവീണും നശിച്ചതായി കണക്കാക്കുന്നത്.
അയ്യൻകുന്ന് മുണ്ടയാം പറമ്പ് നാട്ടയിൽ മാത്രം ഏഴായിരത്തോളം വാഴകളാണ് നശിച്ചത്. ബെന്നി പുതിയാമ്പുറം , റോയി പാലക്കാമറ്റം എന്നിവർ ചേർന്ന് നടത്തുന്ന കൃഷിയാണ് പൂർണ്ണമായും നശിച്ചത്. 15 ലക്ഷം രൂപ ലോണെടുത്താണ് കൃഷി നടത്തിയത്. കുലവന്ന് രണ്ടാഴ്ച തികയുമ്പോഴാണ് കൃഷി പൂർണ്ണമായും നശിച്ചത്. ഇൻഷൂർ ചെയ്തതിനാൽ വളപ്രയോഗത്തിന്റെ കൂലിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

പായം പഞ്ചായത്തിൽ മാടത്തിൽ , പെരുമ്പറമ്പ് എന്നിവിടങ്ങളിലായി ജോണി പരുത്തിവയലിന്റെ നേതൃത്വത്തിൽ നടത്തിയ വാഴക്കൃഷിയാണ് നശിച്ചത്. മാടത്തിൽ ആയിരത്തോളം വാഴകളും , പെരുമ്പറമ്പിൽ രണ്ടായിരത്തോളം വാഴകളുമാണ് നശിച്ചത്. കുലച്ചു കഴിഞ്ഞവയാണ് നശിച്ച വാഴകളെല്ലാം. ഓണം വിപണി ലക്ഷ്യമാക്കിയായിരുന്നു കൃഷിയെങ്കിലും എല്ലാം പാടേ കാറ്റ് തകർത്തു. സണ്ണി ജോസഫ് എം.എൽ.എ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സെബാസ്റ്റ്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, കൃഷി ഓഫീസർ ജിംസി മരിയ എന്നിവർ സ്ഥലം സന്ദർശിച്ചു.