പട്ടുവം: റോഡ് നവീകരണവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം പുകയുന്നു. തളിപ്പറമ്പ്- പട്ടുവം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികൾക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ കാര്യത്തിലാണ് പരാതി. റോഡ് പ്രവൃത്തിയുടെ ഭാഗമായി വീട്ടുമതിലുകളും ഗേറ്റുകളുമെല്ലാം പൊളിച്ചുനീക്കിയിരുന്നു.

സ്ഥല ഉടമകളുടെ അനുവാദമില്ലാതെയാണ് പലയിടത്തും മതിലുകളും ഗേറ്റുകളും പൊളിച്ചുനീക്കിയതെന്ന ആക്ഷേപവുമുണ്ട്. കുഞ്ഞിമതിലകം കവലയ്ക്കു സമീപം വി.വി ബാലകൃഷ്ണൻ എന്ന തുണിക്കടക്കാരൻ നേത്ര ചികിത്സയ്ക്ക് എറണാകുളത്ത് പോയി തിരിച്ചുവരുമ്പോഴേക്കും തന്റെ സ്ഥാപനത്തിന്റെ ഷട്ടർ വരേയ്ക്കുമുള്ള വരാന്ത ജെ.സി.ബി ഉപയോഗിച്ചു മാന്തിയെടുത്തിരുന്നുവെന്നാണ് പറയുന്നത്. സ്ഥാപനത്തിനടുത്തുള്ള വീട്ടുമുറ്റത്തെ മാവും തെങ്ങും മുറിച്ചുമുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നു.

വീതി കൂട്ടിക്കൊണ്ടുള്ള മെക്കാഡം ടാറിംഗ് തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ഒന്നാംഘട്ട ടാറിംഗുതന്നെ അപൂർണമായി കിടക്കുകയാണ്. ഇതിനിടെ നാശനഷ്ടങ്ങൾ നേരിട്ടവർക്കുള്ള നഷ്ടപരിഹാരം കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇത് എങ്ങിനെ എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്ഥല ഉടമകൾ പറയുന്നത്.

റോഡ് നവീകരണത്തോടനുബന്ധിച്ച് കടയുടെ ഷട്ടർ വരെ തറ പൊളിച്ചുമാറ്റിയ നിലയിൽ