കണ്ണൂർ: കൊവിഡ് മഹാമാരിയുടെ കാലത്തെ ഭരണപരമായ വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്ത നേതൃമികവിന് ജില്ലാ കളക്ടർ ടി.വി. സുഭാഷിന് ചീഫ് സെക്രട്ടറിയുടെ അഭിനന്ദനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കളക്ടർ
എന്ന നിലയിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കത്തയച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ മികവാർന്ന നേട്ടം ലോകമാകെ അംഗീകരിച്ചതാണ്. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ എന്ന നിലയിൽ താങ്കൾ വഹിച്ച നിർണായക പങ്ക് പ്രധാനമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
അതിഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നതിലും, ജില്ലയിലെ റേഷൻ കിറ്റ് വിതരണം സമയോചിതമായും ഫലപ്രദമായും പൂർത്തീകരിച്ചതിലും തുടങ്ങി ലോക് ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കൽ, സമൂഹ അടുക്കളകൾ, കൊവിഡ് ആശുപത്രികളുടെ സജ്ജീകരണം എന്നിങ്ങനെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങളെ ചീഫ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.