sajithbabu

കാസർകോട്: സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത 14 ദിവസം അതിനിർണ്ണായകം. എല്ലാവരും കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബു ഓൺലൈൻ വഴി സംഘടിപ്പിച്ച കൊവിഡ് കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.

ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവർത്തിക്കരുത്. ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളിൽ ആളെ കയറ്റാനോ, ഇറക്കാനോ പാടില്ല. കൂടാതെ ആ പ്രദേശത്തെ മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്യും.

തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം

കൂടുതൽ നിയന്ത്രണങ്ങൾ ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഏർപ്പെടുത്തണമെന്ന് തോന്നുകയാണെങ്കിൽ കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്തീ രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകൾ അനുസരിച്ച് ആ തദ്ദേശസ്ഥാപനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ജില്ലയിൽ ഒരിടത്തേക്കുമുള്ള അനാവശ്യയാത്ര അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കിയും പൊതുയിടങ്ങളിലേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കിയും എല്ലാവരും സഹകരിക്കണമെന്ന് ജില്ലാകളക്ടർ അഭ്യർത്ഥിച്ചു.

അടിയന്തരസാഹചര്യം നേരിടാൻ

സി.എഫ്.എൽ.ടി.സികൾ 21

കിടക്കകൾ 4300

ജീവനക്കാരുടെ പ്രതിജ്ഞ ഇന്ന്

ജില്ലയിൽ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടുത്ത 14 ദിവസം ഒരു പൊതു ചടങ്ങിലും ആളുകൾ കൂട്ടം കൂടുന്ന സ്വകാര്യ ചടങ്ങുകളിലും ജില്ലയിലെ സർക്കാർ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കില്ലെന്ന് ഇന്ന് രാവിലെ 10.30ന് പ്രതിജ്ഞ എടുക്കും.

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഓരോ ജീവനക്കാരും അപരിചിതരിൽ നിന്നും കൊവിഡ്‌ വ്യാപന സാദ്ധ്യതയുള്ള മേഖലകളിൽ നിന്നും വരുന്നവരിൽ നിന്നും രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുകയും ചെയ്യും.