erumadam-
നാട്ടുകാർ പൊലീസിന് പണിതു നൽകിയ ഏറുമാടത്തിനു മുമ്പിൽ ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും

കാസർകോട്: ബന്തടുക്ക മാണിമൂല കേരള- കർണാടക അതിർത്തിയിൽ ജോലി ചെയ്യുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർക്ക് വേണ്ടി നാട്ടുകാരുടെ വക ഏറുമാടം. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്കൊപ്പം ചേർന്നാണ് നാട്ടുകാർ പൊലീസിന് ഏറുമാടത്തിൽ എയ്ഡ് പോസ്റ്റ് പണിതു നല്കിയത് .

കൊവിഡ് 19 നിയന്ത്രണങ്ങൾ തുടങ്ങിയപ്പോൾ മുതൽ മാണിമൂലയിലെ കേരള-കർണാടക അതിർത്തി പൂർണമായും അടച്ച് 24 മണിക്കൂറും പൊലീസ് കാവലേർപ്പെടുത്തിവരികയാണ്. നേരത്തേ സ്ഥലത്തെ സന്നദ്ധ പ്രവർത്തകർ നിർമ്മിച്ചുനൽകിയ താത്കാലിക ഷെഡ് മഴയിൽ നശിച്ചതോടെ പൊലീസുകാരുടെ അവസ്ഥ ശോചനീയമായി. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിഷയം ജാഗ്രതാ സമിതിയിൽ അവതരിപ്പിച്ചതിനെ തുടർന്ന് നാട്ടുകാരുടെയും ജാഗ്രത സമിതി അംഗങ്ങളുടെയും സഹകരണത്തോടെ സുരക്ഷിതമായ ഒരു ഏറുമാടം പണിതുനല്കുകയായിരുന്നു.

മഴക്കാലത്ത് ഇഴജന്തുക്കളുടെയും മറ്റും ഉപദ്രവം ഒഴിവാക്കുന്നതിനാണ് കവുങ്ങും മറ്റും ഉപയോഗിച്ച് പൊലീസുകാർക്ക് വിശ്രമിക്കുന്നതിനാവശ്യമായ ഏറുമാടം പണിതത്. സ്ഥലത്തെ സന്നദ്ധ പ്രവർത്തകരായ രാജേഷ് കൂളിയങ്കല്ല്, രാജേഷ് പ്രണവം, രതീഷ് മൊട്ട, സിദ്ധിഖ് മൊട്ട, വിനീഷ് പാലാർ, രാജു മൊട്ട, അഭിലാഷ് പാലാർ, സ്ഥലമുടമ ബിജോയ് പോത്തൻ എന്നിവരുടെ നേതൃത്വത്തിലാണ് ഏറുമാടം ഒരുക്കിയത്. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ ലിസിയാണ് ഏറുമാടം നാട മുറിച്ച് ഉദ്ഘാടനം ചെയ്തത്. ഹൗസ് ഓഫീസർ ടി. ഉത്തംദാസ്, എസ്.ഐ രാമചന്ദ്രൻ, എ.എസ്.ഐ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.