കുഞ്ഞിമംഗലം ചിത്രൻ അച്ഛൻ രൂപകൽപന ചെയ്ത രാമായണ വിളക്കിനൊപ്പം
കണ്ണൂർ: ശില്പികളുടെ ഗ്രാമമായ കണ്ണൂരിലെ കുഞ്ഞിമംഗലത്ത് രാമായണ വിളക്കിന്റെ പുണ്യം നിറയുകയാണ്. ഇന്ത്യയിലെ തന്നെ അപൂർവ ശില്പികളിലൊരാളായിരുന്ന കുഞ്ഞിമംഗലം നാരായണന്റെ സൃഷ്ടിയാണ് ഈ രാമായണ വിളക്ക്. നിർമ്മാണം പൂർത്തിയാക്കി മിനുക്കുപണികൾ ബാക്കിനിൽക്കെ അദ്ദേഹം യാത്രയായി. ആ സ്വപ്നം മകൻ കുഞ്ഞിമംഗലം ചിത്രൻ വർഷങ്ങൾക്കുശേഷം സഫലമാക്കുന്നു.
2008 ലാണ് കുഞ്ഞിമംഗലം വിളക്കുപരമ്പരയിലേക്ക് നാരായണൻ രാമായണ വിളക്ക് കൊണ്ടുവന്നത്. 2009ൽ അദ്ദേഹം മരിച്ചു. ഒരു ദശാബ്ദത്തിനുശേഷം ഈ രാമായണമാസത്തിൽ മകൻ ആ ദൗത്യം ഏറ്റെടുത്തു. അച്ഛന്റെ ഓർമ്മകൾ നിറയുന്ന മൂശയിൽ വ്യാപാരാടിസ്ഥാനത്തിൽ രാമായണവിളക്കുകൾ നിർമ്മിക്കുകയാണ് ചിത്രൻ. അമേരിക്കയിൽ നിന്നും ലണ്ടനിൽ നിന്നുമുൾപ്പെടെ ആവശ്യക്കാർ സമീപിച്ചിട്ടുണ്ട്.
ഗാന്ധിജിയ്ക്കും ഗുരുദേവനും പ്രതിമകളിലൂടെ പുനർജനി പകർന്ന ശില്പിയാണ് നാരായണൻ. പാർലമെന്റിലെ എ.കെ.ജി പ്രതിമ, തൃശ്ശൂർ സംഗീത നാടക അക്കാഡമിയിൽ സ്ഥാപിച്ച കലാമണ്ഡലം കൃഷ്ണൻ നായരുടെ നവരസങ്ങൾ, കൊല്ലത്തെ സി. കേശവന്റെ പൂർണകായ പ്രതിമ എന്നിവയും നാരായണന്റേതാണ്.
കൊടിവിളക്ക്, കെടാവിളക്ക്, കവരവിളക്ക്, തൂക്കുവിളക്ക്, ലക്ഷ്മിവിളക്ക്, വാസ്തുവിളക്ക് തുടങ്ങിയ വിളക്കുകൾ പിറവിയെടുത്ത വെങ്കലഗ്രാമത്തിൽ നാരായണൻ വാർത്തെടുത്ത രാമായണ വിളക്കിന് അന്നേ ആവശ്യക്കാരുണ്ടായിരുന്നു. പക്ഷേ, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രമേയം ശ്രീരാമപട്ടാഭിഷേകം
ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങളാണ് വെങ്കലത്തിൽ രചിക്കുന്നത്. മദ്ധ്യത്തിൽ ശ്രീരാമനും ലക്ഷ്മണനും സീതയും ഇരുവശത്തു നാരദരും വസിഷ്ഠനും ദ്വാരപാലകരെ പോലെ രണ്ട് വ്യാളീരൂപങ്ങളും. 30 കിലോയോളം തൂക്കംവരുന്ന വിളക്ക് പൂർത്തിയാക്കാൻ ഒരു വർഷമെങ്കിലുമെടുക്കും. 7 ലക്ഷം മുതൽ 10 ലക്ഷംവരെ വിലവരും.
അമ്മ നളിനി, ഭാര്യ അഞ്ജലി, സഹോദരി ചിത്ര എന്നിവരും സഹായിക്കാനുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി പ്രതിമകൾ ചിത്രനും സ്ഥാപിച്ചിട്ടുണ്ട്. അബൂദാബിയിലെ ഗാന്ധി പ്രതിമ അതിലൊന്നാണ്. അംബേദ്കറുടെ പത്തടി ഉയരമുള്ള പ്രതിമ പണിപ്പുരയിലാണ്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ് ചിത്രൻ.
''അച്ഛന്റെ വലിയ സ്വപ്നമായിരുന്നു രാമായണ വിളക്ക്. അച്ഛൻ രാമായണ വിളക്കിന്റെ ജോലി തുടങ്ങുമ്പോൾ തന്നെ ഓർഡറുമായി വിദേശികളുൾപ്പടെ വന്നിരുന്നു. അതിനനുസരിച്ച് വിളക്ക് പണി തീർക്കാൻ കഴിഞ്ഞിരുന്നില്ല.
-കുഞ്ഞിമംഗലം ചിത്രൻ