കണ്ണൂർ: ദേശീയ കൈത്തറി വികസന കോർപ്പറേഷന്റെ കണ്ണൂരിലുണ്ടായിരുന്ന കേരള റീജിയണൽ ഓഫീസ് ബംഗളൂരു റീജിയണലിന്റെ കീഴിലാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ. പ്രതിസന്ധിയെ നേരിടുന്ന കൈത്തറിയെ പൂർണ്ണമായും തകർച്ചയിലേക്ക് തള്ളിവിടുന്ന നടപടിയാണ് കേരള റീജിയണൽ ഓഫീസ് എടുത്തു മാറ്റുന്നതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്. കേരളത്തിലെയും പ്രത്യേകിച്ച് മലബാർ മേഖലയിലെയും നൂറു കണക്കിന് കൈത്തറി സഹകരണ സംഘങ്ങളും കൈത്തറി സ്ഥാപനങ്ങളും ആശ്രയിച്ചിരുന്നത് ഈ ഓഫീസിനെയാണ്.
കോർപ്പറേഷന്റെ ആലപ്പുഴ, ബാലരാമപുരം ബ്രാഞ്ചുകൾ ഇതോടെ ബംഗളൂരു മേഖലയുടെ കീഴിലായി മാറി. കൈത്തറി വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായ കണ്ണൂരിൽ 1989 ൽ ദേശീയ കൈത്തറി വികസന കോർപ്പറേഷന്റെ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുകയും വ്യവസായത്തിന്റെ മുന്നേറ്റം കണക്കിലെടുത്ത് 2003 ൽ മേഖല ഓഫീസായി ഉയർത്തുകയും ചെയ്തതതാണ്. കേരളത്തിലെ കൈത്തറി ഉൽപാദനത്തിന് വേണ്ടി വരുന്ന നൂല് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. വ്യവസായികളും സഹകരണ സംഘങ്ങളും കോർപ്പറേഷന്റെ സഹായത്തോടെയാണ് ഇത് നിർവ്വഹിക്കുന്നത്.
ഇങ്ങനെ നൂൽ എത്തിക്കുമ്പോഴുണ്ടാകുന്ന ചെലവ് നിർവ്വഹിക്കുന്നതിന് ട്രാൻസ്‌പോർട്ടേഷൻ സബ്സിഡി എന്ന പേരിൽ നൽകുന്ന ആനുകൂല്യം മേഖല ഓഫീസ് മുഖാന്തരമാണ് നൽകുന്നത്. മേഖല ഓഫീസ് ബംഗളൂരിലേക്ക് മാറ്റുന്നതിനെത്തുടർന്ന് സബ്സിഡി തുക യഥാസമയം ലഭിക്കുന്നതിൽ കാലതാമസം വരും. ഇത് കൈത്തറി സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഓഫീസ് മാറ്റം പുനഃപരിശോധിക്കണമെന്ന് എം.വി ജയരാജൻ ആവശ്യപ്പെട്ടു.