കാഞ്ഞങ്ങാട്: കരുതലിലും കരുത്തായി കോട്ടച്ചേരി ബാങ്കിന്റെ ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ബാങ്കിന്റെ കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. ബാങ്കിന്റെ തരിശായി കിടന്ന സ്ഥലത്ത് വിതച്ച വെണ്ട, പയർ, കപ്പ, മഞ്ഞൾ, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് വിളവെടുത്തത്.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ച നടന്ന വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി പത്മനാഭൻ അദ്ധ്യക്ഷതവഹിച്ചു. ഡയറക്ടർമാരായ പി.കെ കണ്ണൻ, രേണുക ദേവി തങ്കച്ചി, കെ.വി സുനിൽ കുമാർ, സേതു കുന്നുമ്മൽ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
ബാങ്ക് സെക്രട്ടറി പി. വനജാക്ഷി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എം. വിജയകുമാർ നന്ദിയും പറഞ്ഞു.