health-centre
അടഞ്ഞു കിടക്കുന്ന മാവിച്ചേരിയിലെ ആരോഗ്യ കേന്ദ്രം

തളിപ്പറമ്പ്: കൊവിഡ് കാലത്ത് പ്രതിരോധപ്രവർത്തനവുമായി സർവസജ്ജമായി നിൽക്കുന്ന ആരോഗ്യകേന്ദ്രങ്ങൾക്ക് ഒരു അപവാദം. പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരിയിലാണ് ആരോഗ്യവകുപ്പിന്റെ അടച്ചിട്ട ഈ സബ് സെന്റർ.

സർക്കാറിന്റെ 50 സെന്റ് സ്ഥലത്തുള്ള കെട്ടിടത്തിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. മാവിച്ചേരി, കുറ്റ്യേരി, തലോറ, പനങ്ങാട്ടൂർ, കാഞ്ഞിരങ്ങാട് പ്രദേശത്തുള്ള ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഈ ആരോഗ്യകേന്ദ്രം അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞാണ് വർഷങ്ങളായി അടച്ചിട്ടിരിക്കുന്നത്. ആശുപത്രിയും പ്രത്യേകം ക്വാർട്ടേഴ്സുമൊക്കെ ഉണ്ടെങ്കിലും ഇവിടെയുള്ള വൃദ്ധരും കുട്ടികളുമടക്കമുള്ളവ‌ർ ചികിത്സയ്ക്കായി ഏഴു കിലോമീറ്റർ അകലെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയേയോ മറ്റ് സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കുകയാണിപ്പോൾ.

ഗ്രാമീണമേഖലയായ മാവിച്ചേരിയിലേയും പരിസരങ്ങളിലേയും അയ്യായിരത്തോളം വരുന്ന ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഇത് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആരോഗ്യകേന്ദ്രം അടുത്ത മാസത്തോടെ അറ്റകുറ്റപ്പണികൾ തീർത്ത് പ്രവർത്തിപ്പിക്കും.15 ലക്ഷം രൂപ ഇതിന് വകയിരുത്തിയിട്ടുണ്ട്. കൊവിഡ് കാരണമാണ് പണിതീരാൻ വൈകിയത്. നിലവിൽ അങ്കണവാടിയിൽ ഈ സെന്റർ പ്രവർത്തിക്കുന്നുണ്ട്

എ.രാജേഷ്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്