കണ്ണൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മുഴുവൻ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന സന്ദർശകരുടെ വിശദ വിവരങ്ങൾ കൊവിഡ് സ്റ്റേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശം. നിർദ്ദേശങ്ങൾ ഏഴ് മുതൽ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ഓഫീസ്/ സ്ഥാപന മേധാവികളും ഉറപ്പുവരുത്തണം.
പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഓഫീസ് മേധാവി/ സ്ഥാപന ഉടമ covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പുതിയ യൂസർ ഐഡി ഉണ്ടാക്കണം. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ടാബിൽ വിസിറ്റർ രജിസ്റ്റർ സർവീസ് ക്ലിക്ക് ചെയ്ത് ഫോൺ നമ്പർ, യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യണം. ലോഗിനിൽ ക്യൂആർ കോഡ് ഡൗൺലോഡ് ചെയ്ത് സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിൽ പതിക്കുകയും വേണം.
ഓഫീസിൽ/ സ്ഥാപനത്തിൽ എത്തുന്ന സന്ദർശകർ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ലഭിക്കുന്ന പേജിൽ അവരുടെ വിവരങ്ങൾ ചേർക്കണം. മൊബൈൽ ഇല്ലാത്ത സന്ദർശകരാണെങ്കിൽ അതത് ഓഫീസ്/ ഷോപ്പ് അധികാരികൾ സൈറ്റിൽ ലോഗിൻ ചെയ്ത് ന്യൂ എൻട്രി ടാബ് ക്ലിക്ക് ചെയ്ത് സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടത്തണം. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഓപ്പൺ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മാത്രമേ രജിസ്‌ട്രേഷൻ ആരംഭിക്കുകയുള്ളൂ. വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം ക്ലോസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയും വേണം.