കാസർകോട്: കസബ, നെല്ലിക്കുന്ന് കടപ്പുറങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്നും പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. 268 പേരെ പരിശോധിച്ചപ്പോൾ 106 പേർക്ക് രോഗബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
തുടക്കത്തിൽ പ്രദേശത്തു പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആരോഗ്യ വകുപ്പ് സ്രവ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു .ക്യാമ്പിന്റെ ഭാഗമായി 78 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ തന്നെ 30 ഓളം പോസിറ്റീവ് കേസുകൾ ലഭ്യമായി. കേസുകൾ വർദ്ധിച്ചതോടെ ഈ പ്രദേശം പ്രത്യേക ക്ലസ്റ്ററാക്കിയിരുന്നു. പ്രദേശത്ത് നിന്ന് അകത്തേയ്ക്കും പുറത്തേക്കുമുള്ള യാത്ര പൂർണമായും നിരോധിച്ചു. പ്രദേശത്തെ ഫിഷറീസ് സ്കൂളിൽ പ്രത്യേക പരിശോധന കേന്ദ്രം തുറന്നു. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും രോഗ ലക്ഷണങ്ങളുള്ളവരുടെയും പ്രത്യേകം ലിസ്റ്റുകൾ തയ്യാറാക്കി.
ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ലഭിക്കുന്നവരെ ഉടൻതന്നെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതോടൊപ്പം നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈൻ ഉറപ്പുവരുത്താനും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് തീരപ്രദേശത്ത് തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്.