മാഹി: അച്ഛൻ അത്യപൂർവ്വ ചരിത്ര ശേഖരങ്ങളുടെ ഉടമ. മകൻ സാഹസിക കൃത്യങ്ങളിലൂടെ ഗിന്നസ് റിക്കാർഡിൽ ഇടം നേടിയ ആൾ. ചൊക്ലി മേനപ്രത്തെ അബ്ദുൾ നാസറും മകൻ ഫായിസ് നാസറും മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കുന്നതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്.
മർവ്വയിലെ നാലു വിശാലമായ മുറികളിൽ ചരിത്രം ആളുകളെ കാത്തിരിക്കുന്നു. രണ്ട്, മൂന്ന്, അഞ്ച്, ആറ് സെന്റീമീറ്ററുകൾ വീതിയുള്ള ഖുർആനുകൾ, ദേശീയ നേതാക്കളുടേതടക്കം ഇന്ത്യയുടെ വിവിധകാലങ്ങളിലേതും വിദേശത്തേയും സ്റ്റാമ്പുകൾ, നൂറു രൂപയുടെ വെള്ളിനാണയങ്ങൾ, 150 രൂപയുടെ രവീന്ദ്രനാഥ ടാഗോറിന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയം, ഭഗവാൻ മഹാവീറിന്റെ നൂറ്, അഞ്ച് രൂപ വെള്ളിനാണയങ്ങൾ... ആഫ്രിക്കൻ രാജ്യങ്ങളിലെ പലവിധ ഗിറ്റാർ രൂപത്തിലുള്ള നാണയങ്ങൾ, സോമാലിയൻ ആനിമൽ കോയിനുകൾ, സ്വർണ്ണം പൂശിയ ആയിരം രൂപ, ബർമ്മയ്ക്ക് വേണ്ടി ഇന്ത്യയിൽ അച്ചടിച്ച നോട്ടുകൾ, വെളളിയിൽ നിർമ്മിച്ച ഒരു രൂപ വില്ല്യം കോയിൻ... തുടങ്ങി അപൂർവ്വനാണയങ്ങളുടെ ശേഖരം ആരെയും അമ്പരപ്പിക്കും.
രാജ കൊട്ടാരങ്ങളിൽ രത്നങ്ങളും മറ്റ് അമൂല്യവസ്തുക്കളും സൂക്ഷിച്ചുവെക്കുന്ന അറകൾക്കുള്ളിൽ നിരവധി അറകളുള്ള മാന്ത്രികപ്പെട്ടിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൂറ്റൻ സീലും, 80 വർഷം പഴക്കമുള്ള ഇംഗ്ലണ്ടിലെ സിനിമാ പ്രൊജക്ടറും, ബ്രണ്ണൻ സായ്പിന്റെ കാലത്ത് ഉപയോഗിച്ച ജർമ്മൻ നിർമ്മിതമായ പുകക്കുഴലുള്ള ഇസ്തിരിപ്പെട്ടിയും, മണ്ണെണ്ണ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഇംഗ്ളീഷ് ഇസ്തിരിപ്പെട്ടിയുമെല്ലാം കൗതുകക്കാഴ്ചകളാണ്. ഇംപീരിയൽ കമ്പനിയുടെ ടൈപ്പ് റൈറ്ററും തപാൽ വകുപ്പ് ത്രാസുകൾ, 1917 ൽ ലണ്ടനിൽ നിർമ്മിച്ച കൂറ്റൻ ബൈനോക്കുലർ, കോൺവെക്സ് ലെൻസ്, ഗ്ലാസ് കൊണ്ട് നിർമ്മിച്ച ബെൽജിയം ഓടുകൾ എന്നിവയെല്ലാം ചരിത്രത്തെ കണ്ടവയാണ്. കാമറകളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്.
പൗരാണിക വസ്തുക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പിതാവ് മൂസ്സ കൊണ്ടുവന്ന ഇംഗ്ലണ്ടിലെ ഭംഗിയേറിയ ക്ലോക്കാണ് തന്നെ ഈ വഴിയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചതെന്ന് അബ്ദുൾ നാസർ പറയുന്നു.
നാസറിന്റെ ഭാര്യാസഹോദരൻ കൂടിയായ എൻജിനീയർ മുഹമ്മദ് റാഷിയ്ക്കാണ് ഇത്തരം ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. മൂത്ത മകൻ ഫായിസ് നാസറാണ് അതിവിപുലമായ മ്യൂസിയത്തിലെ വസ്തുകളുടെ സൂക്ഷിപ്പുകാരൻ. ഫർണ്ണിച്ചർ വ്യാപാരിയായ നാസർ 1984 മുതലാണ് പുരാവസ്തുക്കളുടെ ശേഖരം തുടങ്ങിയത്. വിപുലമായ യാത്രയ്ക്കിടയിൽ എവിടെ ഇത്തരം വസ്തുക്കൾ കണ്ടാലും വാങ്ങിക്കും.
ചുണ്ടുവിരലിൽ ഭാരമേറിയ ഫ്രൈ പാൻ കറക്കിയാണ് ഫായിസ് നാസർ ഗിന്നസ് റെക്കോർഡിനുടമയായത്. വിരലിൽ പുസ്തകം കറക്കി ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച ഫായിസ് നാസറിന്റെ അടുത്ത ലക്ഷ്യം ലാപ്‌ടോപ്പ് കറക്കി റിക്കാർഡ് സ്ഥാപിക്കുകയെന്നതാണ്. അതിനുള്ള തീവ്രമായ പരിശീലനം ആരംഭിച്ചിട്ടുണ്ട്.