കണ്ണൂർ: രണ്ടുദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയും വീശിയടിക്കുന്ന കാറ്റും ജില്ലയിൽ പരക്കെ നാശം വിതച്ചു. മലയോരം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. കർണാടക വനത്തിലും മറ്റും ഉരുൾപൊട്ടൽ വ്യാപകമായതോടെ വൻതോതിൽ നാശനഷ്ടമുണ്ടായി. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളിൽ പൂർണമായും വെള്ളത്തിനടിയിലായി.
കണ്ണൂർ അഴീക്കൽ തീരത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അഴീക്കൽ ലൈറ്റ് ഹൗസ് റോഡിന് സമീപത്തെ ആറ് കുടുംബങ്ങളാണ് ബന്ധുവീടുകളിൽ അഭയം പ്രാപിച്ചത്. വേലിയേറ്റം ശക്തമാകുന്ന സമയങ്ങളിൽ തിരമാലകൾ കടൽഭിത്തിയും ഭേദിച്ച് പ്രദേശത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആഞ്ഞടിക്കുകയാണ്. അഴീക്കൽ ലൈറ്റ് ഹൗസ് റോഡിന് സമീപത്തായി താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. കടലാക്രമണത്തെതുടർന്ന് മാലിന്യങ്ങൾ തീരത്തേക്ക് അടിയുന്നുണ്ട്. അഴീക്കൽ ലൈറ്റ് ഹൗസ് റോഡിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
മാട്ടൂൽ, പുതിയങ്ങാടി, തലശേരി ചാലിൽ ഗോപാലപേട്ട, കണ്ണൂർ തയ്യിൽ, മൈതാനപ്പള്ളി തുടങ്ങിയ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. ഈ ഭാഗങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
ഉരുൾപൊട്ടൽ ഭീഷണിയിൽ തൊട്ടിപ്പാലം
ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ഇരിട്ടി തൊട്ടിപ്പാലത്ത് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നു. കാറ്റിലും മഴയിലും ഇരുപതോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി.. ഉളിക്കൽ പൊയ്യൂർക്കരിയിൽ റോഡിൽ വെള്ളം കയറി. വെള്ളപ്പൊക്ക സാധ്യത കണ്ട് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ ചില കടകളിലെ സാധനങ്ങൾ മാറ്റി. ദുരന്ത സാധ്യതാ മേഖലകളിൽ അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസുമെത്തി സുരക്ഷാ നിർദേശം നൽകി. അയ്യങ്കുന്ന് പഞ്ചായത്തിൽ മുൻവർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പറയ്ക്കാമല, വാണിയപ്പാറ തട്ട് എന്നിവിടങ്ങളിലെ കരിങ്കൽ ക്വാറികൾ അധികൃതർ സന്ദർശിച്ച് അപകട സാഹചര്യം വിലയിരുത്തി മുൻകരുതൽ നടപടി നിർദേശിച്ചു.
ദുരന്ത ഭീഷണിയുള്ള മുടിക്കയം, കച്ചേരിക്കടവ്, ബാരാപോൾ പ്രദേശത്തെ 20 വീട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകി. താലൂക്കോഫീസിൽ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.
കക്കാട് റോഡിൽ പുഴവെള്ളം കയറിയനിലയിൽ