rain
ഇരിട്ടി -മൈസൂർ അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണ നിലയിൽ

ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി -മൈസൂർ അന്തർ സംസ്ഥാന പാതയിൽ ഗതാഗതത്തിന് വൻ ഭീഷണി ഉയർത്തി ഇരിട്ടി റസ്റ്റ്ഹൗസിന് സമീപത്തെ കുന്ന് ഇടിഞ്ഞുവീഴുന്നു. തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നൂറു മീറ്ററോളം ഉയരത്തിലുള്ള കുന്ന് ഇടിച്ച് നിരത്തിയാണ് റോഡ് നിർമ്മിച്ചത്. കൂറ്റൻ മൺതിട്ടയുടെ ഭാഗം ഇടിഞ്ഞ് ഇന്നലെ രാവിലെ റോഡിൽ വീഴുന്ന സമയത്ത് അതുവഴി വന്ന കാർ നിയന്ത്രണം വിട്ട് മണ്ണിന്റെ മുകളിൽ കയറിയതിനെതുടർന്ന് കാറിനു കേടുപാടു പറ്റിയിരുന്നു.

ലോകബാങ്കിന്റെ സഹായത്തോടെ നവീകരണം നടക്കുന്ന തലശ്ശേരി വളവുപാറ റോഡിൽ ഇരിട്ടി പാലം മുതൽ റസ്റ്റ് ഹൗസ് വരെയുള്ള ഭാഗം വലിയ അപകടക്കെണിയായി മാറിക്കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായി കുന്നിടിച്ചു നിരത്തി റോഡ് നിർമ്മിച്ചതുകാരണം ഏതുസമയവും വലിയ പാറകളും മണ്ണും ഈ അന്തർ സംസ്ഥാന പാതയിൽ പതിക്കും എന്ന അവസ്ഥയാണ്. ഇന്നലെ മണ്ണിടിഞ്ഞ് വീണ ഭാഗത്ത് റോഡിനു വേണ്ടി ഏറ്റെടുക്കാത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലവുമുണ്ട്. റോഡിൽ വീണ മണ്ണും പാറകളും അധികൃതർ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു.