കട്ടപ്പന /ഇരിട്ടി/പാലക്കാട്/ കോട്ടയം:മൂന്നാറിലെ ദുരന്തത്തിനു പുറമേ, സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തിൽ നാലുപേർ മരിച്ചു. ഇടുക്കി ഏലപ്പാറയിലും കണ്ണൂർ ഇരിട്ടി അയ്യൻകുന്നിലും പട്ടാമ്പി ഓങ്ങല്ലൂരിലും കോട്ടയം അമ്പാറയിലുമാണ് ഈ മരണങ്ങൾ.
കട്ടപ്പന ഏലപ്പാറ നല്ലതണ്ണിപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കാറിൽ ഉണ്ടായിരുന്ന രണ്ടു യുവാക്കളിൽ കോലാഹലമേട് ബോണാമി എസ്റ്റേറ്റിലെ ശങ്കറിന്റെ മകൻ മനോജിന്റെ (32) മൃതദേഹം വ്യാഴാഴ്ച അർദ്ധരാത്രിയോടെ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അനീഷിനെ (35) കണ്ടെത്താനായില്ല.
വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് നിറുത്തിയിട്ടിരുന്ന കാർ നല്ലതണ്ണി പുഴയിൽ അപകടത്തിൽപ്പെട്ടത്. കിലോമീറ്ററുകൾ അകലെ പുഴയിൽ തങ്ങിനിന്ന കാറിൽ കണ്ടെത്തിയ മനോജിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.കണ്ണൂർ ഇരിട്ടി എടപ്പുഴ സ്വദേശിയും എടത്തൊട്ടിയിൽ താമസക്കാരനുമായ കേബിൾ തൊഴിലാളി പാടിക്കൽ ജോം തോമസ് (ജോമറ്റ്, 37) ഇന്നലെ രാവിലെ പുഴയ്ക്ക് കുറുകെ കേബിൾ വലിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു.
അങ്ങാടിക്കടവ് ഇന്റൽ കേബിൾ കമ്മ്യൂണിക്കേഷൻ ജീവനക്കാരനായിരുന്നു. മൃതദേഹം പരിയാരം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സോണിയ. സഹോദരങ്ങൾ: ജീംനിറ്റ്, ബ്രിൻസി.പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ മഴയിൽ വീട് തകർന്നാണ് പോക്കുപ്പടി കൂടമംഗലം നാലുസെന്റിൽ മച്ചിങ്ങത്തൊടി മൊയ്തീൻകുട്ടി (മാനു 70) മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.ഭാര്യ സാജിത, മക്കളായ ഉമ്മർ, ഷംന, ഷമീമ, മുഹമ്മദ് ഷമീൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.പരേതയായ ഉമ്മാച്ചുട്ടി മുൻഭാര്യയും മുഹമ്മദലി, സഹീന, സാജിത, റഹ്മത്ത്, അസീന, താഹിറ, സൽമത്ത് എന്നിവർ മറ്റുമക്കളുമാണ്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ. കോട്ടയം അമ്പാറയിൽ യുവാവ് തോട്ടിൽ വീണാണ് മരിച്ചത്. ഭരണങ്ങാനം അമ്പാറ പള്ളിത്താഴം ലൂയിസാണ് മരിച്ചത്.