കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗൺ ഹാളിന് ശാപമോക്ഷമാകുന്നു. അഞ്ചര കോടിയോളം രൂപ ചെലവിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ടൗൺഹാൾ നിർമ്മിക്കും. 33 വർഷം മുൻപ് കൂത്തുപറമ്പ് നഗരമദ്ധ്യത്തിലായി നിർമ്മിച്ച ടൗൺ ഹാൾ പൊളിച്ചുമാറ്റിയാണ് പുതിയ ടൗൺ ഹാൾ നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായാണ് ആധുനിക രീതിയിലുള്ള ടൗൺഹാളിന്റെ നിർമ്മാണം.

താഴത്തെ നിലയിൽ വാഹന പാർക്കിംഗും ഒന്നാം നിലയിൽ ഡൈനിംഗ് ഹാളും മുകളിലായി ഇരിപ്പിട സൗകര്യവും ഒരുക്കും. ഏത് തരത്തിലുള്ള പരിപാടിയും അവതരിപ്പാൻ പറ്റും വിധത്തിലുള്ള സ്റ്റേജ്, ഇക്കോഫ്രന്റ്ലി സംവിധാനം, മികച്ച രീതിയിലുള്ള ശുചിമുറികൾ എന്നിവയും ടൗൺഹാളിന്റെ ഭാഗമായി നിർമ്മിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രത്യേക ഇടപെടലിനെ തുടർന്ന് അഞ്ചരകോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്.

ആദ്യഘട്ടത്തിൽ നിരവധി പരിപാടികളാണ് പഴയ ടൗൺ ഹാളിൽ നടന്നു വന്നിരുന്നതെങ്കിലും പിന്നീട് കാലപ്പഴക്കമായതോടെ സംഘാടകരിൽ പലരും ടൗൺ ഹാളിനെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടയിൽ സീലിംഗുകൾ തകർന്നും, ചില ഭാഗങ്ങളിൽ ചോർന്നും കെട്ടിടം തന്നെ അപകടാവസ്ഥയിലാണുള്ളത്. ഈ സാഹചര്യത്തിൽ ടൗൺ ഹാൾ പുതുക്കിപ്പണിയാനുള്ള നഗരസഭാ കൗൺസിൽ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകുകയായിരുന്നു.

നിർമ്മാണം പൂർത്തിയാകുന്നതോടെ കൂത്തുപറമ്പിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന സ്ഥാപനമായി ടൗൺ ഹാൾ മാറും.

ആദ്യം കമ്മ്യൂണിറ്റി ഹാൾ

1987 ൽ കൂത്തുപറമ്പ് ഗ്രാമപഞ്ചായത്തായിരുന്ന ഘട്ടത്തിലാണ് കൂത്തുപറമ്പ് നഗരമദ്ധ്യത്തിലായി കമ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. പിന്നീട് നഗരസഭാ പദവിയിലേക്കുയർന്നതോടെ കമ്മ്യൂണിറ്റി ഹാൾ ടൗൺ ഹാളായി മാറുകയായിരുന്നു.

അടുത്ത മാസത്തോടെ പുതിയ ടൗൺ ഹാളിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ സാധിക്കും.

എം. സുകുമാരൻ, കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ