ചെറുവത്തൂർ: ദേശീയപാതയിലെ കൊവ്വൽ മുഹ് യുദ്ദീൻ ജുമാ - മസ്ജിദിൽ മോഷണം. നാൽപതിനായിരം രൂപയും സി.സി ടി.വി ക്യാമറകളുടെ സർവറും മോഷണം പോയി. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ഖത്തീബ് നാസർ ഫൈസി പ്രഭാത നമസ്കാരത്തിന് എഴുന്നേറ്റപ്പോഴാണ് മോഷണവിവരമറിഞ്ഞത്. ഖത്തീബും സദർ മു അല്ലിമുമായ നാസർ ഫൈസി, ജീവനക്കാരനായ ഹമീദ് എന്നിവർ മസ്ജിദിനകത്തായിരുന്നു.
താജുൽ ഇസ്ലാം ജമാത്ത് കമ്മറ്റി ഓഫീസ്, സദർ മു അല്ലിമിന്റെ മുറി എന്നിവയുടെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സദർ മുഅല്ലിമിന്റെ മുറിയിലുണ്ടായിരുന്ന പണമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. സി.സി ടിവി കാമറ തകർത്താണ് സെർവർ കൊണ്ടുപോയത്. ഷെൽഫുകളിലെ ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാതയോരത്തെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാകുന്നത് ആശങ്കയുയർത്തുന്നുണ്ട്. അടുത്തിടെ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിലും മോഷണ ശ്രമം നടന്നിരുന്നു.