കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ സ്വതന്ത്ര കൊവിഡ് പരിശോധനാ ലാബ് സ്ഥാപിക്കുന്നതിനായി സർവകലാശാലയും സംസ്ഥാന ആരോഗ്യവകുപ്പും ധാരണാപത്രം ഒപ്പുവച്ചു. ഭാവിയിൽ കാസർകോട് ജില്ലയിലെ അതിനൂതന വൈറസ് ഗവേഷണ രോഗനിർണയ ലാബായി വികസിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ലാബ് സ്ഥാപിക്കുന്നത്. നിലവിൽ ജില്ലയുടെ കൊവിഡ് പരിശോധനാ ലാബ് സ്ഥിതി ചെയ്യുന്നത് സർവകലാശാലയുടെ പെരിയ കാമ്പസിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗത്തിന്റെ ലാബിലാണ്.

ആരോഗ്യവകുപ്പിൽ നിന്നുള്ള മെഡിക്കൽ ലാബ് ടെക്നീഷ്യൻമാർക്ക് പുറമെ സർവകലാശാല ഫാക്കൽറ്റി അംഗങ്ങളുടെയും വകുപ്പിലെ മുതിർന്ന ഗവേഷണ വിദഗ്ധരുടെയും പിന്തുണയോടെയാണ് ലാബ് പ്രവർത്തിക്കുന്നത്. അക്കാഡമിക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി എം.എസ്‌സി, പി.എച്ച്ഡി വിഭാഗത്തിലുള്ളവർക്ക് പഠനവും ഗവേഷണവും തുടരേണ്ടതുണ്ട്. സർവകലാശാലയുടെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിലവിൽ കൊവിഡ് പരിശോധന നടത്തുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ ഇത് വിദ്യാർത്ഥികൾക്ക് വളരെ ആശ്വാസമാവും.

ആരോഗ്യവകുപ്പിന്റെ പിന്തുണയോടെ സ്വതന്ത്ര ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുമ്പോൾ വൈറസ് അധിഷ്ഠിത രോഗങ്ങൾ പരിശോധിക്കാനും ഗവേഷണം നടത്താനും സാധിക്കും. ഉയർന്ന നിലവാരമുള്ള ലാബ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത ജില്ലയിലെയും കണ്ണൂരിലെയും രോഗികൾക്കും ഇത് സഹായമാവും.

പുതുതായി സ്ഥാപിക്കുന്ന ലാബ് കാമ്പസിനകത്ത് പ്രത്യേക കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക. ഈ കെട്ടിടം കാമ്പസിലെ പ്രധാന അക്കാഡമിക് സമുച്ചയത്തിൽ നിന്ന് വളരെ അകലെയായതിനാൽ വിദ്യാർത്ഥികളുടെയും യൂണിവേഴ്സിറ്റി ജീവനക്കാരുടെയും ആശങ്കയില്ലാതാക്കും.


ഡോ. രാജേന്ദ്ര പിലാങ്കട്ട

(ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി വകുപ്പ് മേധാവി)