തളിപ്പറമ്പ്: തളിപ്പറമ്പിൽ കൊവിഡ് ബാധിച്ച വ്യാപാരിയുടേത് ഉൾപ്പെടെ സമ്പർക്കപട്ടിക വിപുലം. നഗരത്തിലെ ഒരു വ്യാപാരിക്ക് ആണ് കൊവിഡ് സ്ഥീരീകരിച്ചത്. ഇത് കൂടാതെ പുഷ്പഗിരിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഉൾപ്പെടെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ നെല്ലിപ്പറമ്പിലെ മൂന്നുപേർക്കും ടൗണിലെ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലെയും തളിപ്പറമ്പിൽ കൊവിഡ് സ്ഥിരീകരിച്ചു.

രോഗികളുടെ സമ്പർക്കപട്ടിക പരിശോധിച്ചപ്പോൾ വിപുലമായ സമ്പർക്കം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുതന്നെ നഗരസഭ പരിധിയിൽ ഇന്നലെ മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ലോക്ഡൗൺ പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർ നിർബന്ധിതനായത്. ഏഴ് ദിവസത്തെ ലോക്ക് ഡൗണാണ് നഗരസഭ ചെയർമാൻ അറിയിച്ചതെങ്കിലും പൊലീസ് ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. രോഗവ്യാപന സാദ്ധ്യതയുണ്ടെങ്കിൽ ഇത് നീണ്ടേക്കാമെന്നാണ് സൂചന.

കൊവിഡ് വ്യാപനം തടയാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുള്ളത്. പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്നലെ രാവിലെ അഞ്ച് മണി മുതൽ നഗരത്തിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ എട്ടുവരെ ഇളവ് അനുവദിച്ചതിനാൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ പുലർച്ചെ തന്നെ കൂട്ടമായി നഗരത്തിലെത്തി. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഷോപ്പുകാർ സ്‌റ്റോക്ക് ചെയ്ത പച്ചക്കറികളും മറ്റും വിൽപന നടത്തുന്നതിനുമായാണ് പൊലീസ് താൽക്കാലിക ഇളവ് അനുവദിച്ചത്.