തളിപ്പറമ്പ്: കനത്ത മഴയിൽ താനിക്കുന്ന് തേർതല റോഡിൽ അയ്യപ്പക്ഷേത്രം വരെയുള്ള ഭാഗത്ത് വെള്ളം ഉയർന്ന് ഇതുവഴി വാഹനയാത്ര അസാദ്ധ്യമായി. രണ്ടുദിവസങ്ങളിലായി പെയ്ത മഴയിൽ ഏറെ വീടുകളുടെയും പറമ്പുകൾ വെള്ളത്തിലായിട്ടുണ്ട്. 2019ലെ പെരുമഴക്കാലത്ത് 115 കുടുംബങ്ങളെ ഈ ഭാഗങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു.
പലർക്കും നാശനഷ്ടം ഇപ്പോഴും പരിഹരിച്ചു കിട്ടിയിട്ടില്ല. ധാരാളം പേർക്ക് കൃഷിനാശവുമുണ്ടായിരുന്നു. ഇത്തവണ ഞാറ്റിയാൽ തോടുവഴി പറമ്പുകളിലേക്ക് കുത്തിയൊഴുകി വെള്ളമെത്തി. ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങളിൽ തോണികളിറക്കിയാണ് വീടുകളിൽ നിന്നും ആളുകളെ പുറത്തെത്തിക്കുന്നത്.