ഇരിട്ടി: ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് താലൂക്ക് ആശുപത്രി ഭാഗികമായി അടച്ചു. കിടത്തി ചികിത്സാ വിഭാഗം, ലാബ്, കാഷ്വാലിറ്റി എന്നിവ പൂർണമായി അടച്ചു. രോഗിയെ ചികിത്സിച്ച ഡോക്ടറെയും വാർഡിൽ ചികിത്സയിലായിരുന്ന 30 രോഗികളിൽ 22 രോഗികളെയും ക്വാറന്റൈനിൽ ആക്കി. ആന്റിജൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് 4 പേരെ വിശദമായ കൊവിഡ് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മറ്റു 4 പേരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മൂത്രസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർക്ക് റഫർ ചെയ്ത രോഗിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27 മുതൽ 7 വരെ ആശുപത്രിയിൽ എത്തിയവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.