cpz-urulpottal
പ്രദേശം സന്ദർശിക്കുന്ന ഉദ്യോഗസ്ഥസംഘം

ചെറുപുഴ: കർണ്ണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഒറ്റപ്പെട്ട കോളനി പ്രദേശം ഉദ്യോഗസ്ഥ, ഭരണനേതൃത്വങ്ങൾ അടങ്ങിയ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ കോളനി, ഐ.എച്ച്. ഡി.പി കോളനി, ഇടക്കോളനി എന്നിവിടങ്ങളാണ് സംഘം സന്ദർശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ് ജമീലാ കോളിയത്ത്, പഞ്ചായത്തംഗങ്ങളായ, ലാലി തോമസ്, മനോജ് വടക്കേൽ, പയ്യന്നൂർ തഹസിൽദാർ ബാലഗോപാലൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ വി. രാജൻ, ശശിധരൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

ചെറുപുഴ പഞ്ചായത്തിൽ കർണ്ണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിൽ താമസിച്ചിരുന്ന ഏഴു കുടുംബങ്ങളിലെ 30 ഓളം പേരാണ് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ടത്. മഴക്കെടുതി തുടരുന്ന സ്ഥിതിയിൽ ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം വന്നാൽ അതിനായി നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു..