കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന മത്സ്യമാർക്കറ്റുകൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ അടച്ചിട്ടിരുന്ന കണ്ണൂർ കോർപ്പറേഷൻ പരിധിയിലെയും പയ്യന്നൂർ നഗരസഭാ പരിധിയിലെയും മത്സ്യമാർക്കറ്റുകൾ വിപണന സ്റ്റാളുകൾ എന്നിവയ്ക്കാണ് കർശന നിബന്ധനകൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
മാർക്കറ്റിന്റെ പ്രവർത്തനസമയം (മൊത്തവ്യാപാരം) എല്ലാ ദിവസവും പുലർച്ചെ രണ്ട് മണി മുതൽ 5.30വരെയായി പരിമിതപ്പെടുത്തണം. മാർക്കറ്റിലേക്ക് വരുന്ന വലിയ ചരക്കുവാഹനങ്ങളുടെ വിശദവിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. ട്രക്ക് ഡ്രൈവർമാർ പൊതുജനങ്ങളുമായി ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കുകയും അവരുടെ പ്രാഥമിക കാര്യനിർവഹണത്തിനും വിശ്രമത്തിനുമായി പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കുകയും വേണമെന്ന് നിർദേശമുണ്ട്. മത്സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, മത്സ്യം വിൽക്കുന്ന സ്ഥലം എന്നിവ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്താൻ സംവിധാനമൊരുക്കണം.