parassini
പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

കണ്ണൂർ: തുടർച്ചയായി പെയ്യുന്ന മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയതിനെ തുടർന്ന് മലയോരപട്ടണങ്ങളിൽ മിക്കതും വെള്ളപ്പൊക്കക്കെടുതിയിലായി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങി. ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ശ്രീകണ്ഠാപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി. ചെങ്ങളായിൽ വീടുകൾ വെള്ളത്തിനടിയിലാണ്.

നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപാർപ്പിച്ചു. കനത്ത മഴയിൽ പറശ്ശിനിപുഴ കരകവിഞ്ഞൊഴുകി മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി. ശ്രീകോവിലിന്റെ തറവരെ വെള്ളം കയറിയ നിലയിലാണ്. വളപട്ടണം പുഴയുടെ ഇരുകരകളിലും വെള്ളം കയറിക്കൊണ്ടിരിക്കയാണ്. കക്കാട് പുഴയും കരകവിഞ്ഞൊഴുകുകയാണ്.

കനത്ത മഴയെതുടർന്ന് പയ്യന്നൂർ താലൂക്കിലെ വയക്കരയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. ആന്തൂർ വില്ലേജിൽ താമസിക്കുന്ന 11 കുടുംബാംഗങ്ങളെയും കുറുമാത്തൂർ വില്ലേജിൽ നൂറു കുടുംബങ്ങളിലെ 610 പേരെയും മാറ്റിതാമസിപ്പിച്ചു. ഇവർ ബന്ധുക്കളുടെ വീടുകളിൽ അഭയം തേടിയിട്ടുണ്ട്. പള്ളിപ്രം, പാവന്നൂർകടവ്, ഇരുവാപ്പുഴ നമ്പ്രം, പെരുവണ്ടൂർ, കണ്ടക്കൈ, ഒറ്റപ്പൊടി, മുല്ലക്കൊടി, നണിയൂർ നമ്പ്രം, പാമ്പുരുത്തി ദ്വീപ്, മുണ്ടോൻ വയൽ, കാക്കത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയത് കാരണം നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കുറുമാത്തൂർ കടവിന് സമീപത്തെ 140 കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്ക് മാറ്റി. കുപ്പം പാലത്തിന് സമീപത്തെ ചാലത്തൂർ ഭാഗത്ത് വെള്ളം കയറിയതിനാൽ 20കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചപ്പാരപ്പടവ് ടൗണിലും വെള്ളം കയറി.