ചെറുവത്തൂർ/നീലേശ്വരം: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്തിറങ്ങുന്ന പെരുമഴ കയ്യൂർ-ചീമേനി, ചെറുവത്തൂർ,പിലിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. തേജസ്വിനി, കാര്യങ്കോട് പുഴകൾ ഭീതി പടർത്തിക്കൊണ്ട് കരകവിഞ്ഞൊഴുകുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. മയ്യിച്ച പടിഞ്ഞാറ്, അരനാഴി, കോനായി, മീങ്കടവ്, കുണ്ടു പടന്ന, ഓർക്കളം, കിഴക്കെ മുറി, അച്ചാംതുരുത്തി, കാവുംചിറ, പരന്തേമ്മാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കഴിഞ്ഞ വർഷത്തെ അനുഭവം ഓർത്ത് നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ നേരിട്ടറിയാൻ എം.രാജഗോപാലൻ എം.എൽ.എയും റവന്യൂ ഉദ്യോഗസ്ഥന്മാരും സ്ഥലത്തെത്തി. കൊവ്വൽ സ്കൂൾ, കാടങ്കോട് സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾക്കായി ഒരുക്കം തുടങ്ങിയിട്ടുണ്ട്.
പിലിക്കോട് കാലിക്കടവിലും വെള്ളക്കെട്ട് രൂക്ഷമായി. കടകളിലേക്ക് മഴവെള്ളം കയറിയതിനെ തുടർന്ന് മിക്ക കടകളിലെയും സാധനങ്ങൾ മാറ്റി.
കയ്യൂർ-ചീമേനി പഞ്ചായത്തിലെ കൂക്കോട്, മയ്യൽ, ചെറിയാക്കര, പുലിയന്നൂർ, ചന്ദ്ര വയൽ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണി തുടരുന്നു. കയ്യൂർ ആലിൻകീഴിൽ ഭഗവതിക്ഷേത്രം വെള്ളത്തിൽ മുങ്ങി.
നീലേശ്വരം നഗരസഭയിലെ 140 ഓളം കുടുംബങ്ങളെ സുരക്ഷിത മേഖലകളിൽ മാറ്റി താമസിപ്പിച്ചു. മുണ്ടേമ്മാട്, ചെമ്മാക്കര, കൊയാമ്പുറം, ഉച്ചൂളിക്കുതിര്, ആനച്ചാൽ, കടിഞ്ഞിമൂല, ഓർച്ച, പുറത്തേകൈ, നാഗച്ചേരി, പാലായി, പൊടോതുരുത്തി, കാര്യങ്കോട് ചാത്തമത്ത് പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ 75 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കിണാവൂർ ,കീഴ്മാല, കണിയാട; പാറക്കോൽ, അണ്ടോൾ, വേളൂർ, പുലിയന്നൂർ എന്നീ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.