പട്ടുവം: കനത്ത മഴയിൽ പട്ടുവത്തെ പല പ്രദേശങ്ങളും കൃഷി ഇറക്കിയ പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. മുള്ളൂൽ, കൂത്താട്ട്, മുതുകുട, മംഗലശ്ശേരി തുടങ്ങിയ പുഴയോര പ്രദേശങ്ങളിൽ വെള്ളിയാഴ്ചയോടെ തന്നെ വെള്ളം കയറാൻ തുടങ്ങിയിരുന്നു. പടിഞ്ഞാറെച്ചാൽ പടന്നയിൽ കാനിച്ചേരിയൻ ബാലൻ, യശോദ, പൊങ്ങാടൻ രവി, വി. ലക്ഷ്മി, പരക്കോത്തു ലക്ഷ്മി തുടങ്ങിയവരുടെ കുടുംബങ്ങൾ താമസം മാറി. തത്തയിൽ ചേരേൻ തങ്ക, ദിവാകരൻ എന്നിവരുടെ കുടുംബങ്ങളും മാറിത്താമസിച്ചു.

വീടുകളിൽ വെള്ളം കയറിയതോടെ പലരും മാറിത്താമസിക്കാൻ തയ്യാറാണെങ്കിലും കൊവിഡ് ഭീതി കാരണം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ വൈകുന്നത് ഇവരെ ആശങ്കയിലാക്കുന്നുണ്ട്. കുപ്പം, പഴയങ്ങാടി പുഴകളിൽ നിന്നും വരുന്ന വെള്ളമാണ് പട്ടുവം പാടങ്ങളെ വെള്ളത്തിലാക്കുന്നത്. പട്ടുവം പാലത്തിന്റെ ഭീമൻ തൂണുകളും പുഴയിൽ അടിഞ്ഞ മണൽതിട്ടകളും വെള്ളത്തിന്റെ ഒഴുക്കിനു തടസമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞപ്രളയത്തിൽ ലക്ഷങ്ങളുടെ നഷ്ടം നേരിട്ട, കോട്ടക്കീൽ അവിൽ മില്ലിലും ശ്രീമതി സ്‌റ്റോറിലും ഇന്നലെ രാവിലെ വെള്ളം കയറിയതിനാൽ സാധനങ്ങൾ മാറ്റി.