തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെ പടിഞ്ഞാറൻ മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ട് ജന ജീവിതത്തെ സാരമായി ബാധിച്ചു. മീലിയാട്ട് അംബേദ്ക്കർ കോളനിയിലെ നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളാപ്പ്, മീലിയാട്ട്, മെട്ടമ്മൽ, വൾവക്കാട്, മധുരങ്കൈ, ആണ്ടയിൽ, തൈക്കീൽ, വടക്കെകൊവ്വൽ കാപ്പിൽ മണിയനോടി, പറയമ്മാനം, വയലോടി തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലൊക്കെ നിരവധി വീടുകളിൽ വെള്ളംകയറി. കഞ്ചിയിൽ തോടിന്റെ ഉത്ഭവ സ്ഥാനമായ വടക്കെകൊവ്വലിൽ നെൽ പാടങ്ങൾ ചരൽ മണലിട്ട് നികത്തിയതിനെ തുടർന്ന് പ്രദേശം വെള്ളത്തിനടിയിലായി.

കടലോര മേഖലയായ വലിയപറമ്പിൽ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കടലാക്രമണത്തെ തുടർന്ന് നിരവധി തെങ്ങുകൾ കടപുഴകി. തെക്കൻ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായത്. തൃക്കരിപ്പൂർ ടൗണിലെ കൂറ്റൻ തണൽമരം തകർന്നു വീണു. ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോസ്റ്റാൻഡിലെ മരമാണ് റോഡിലേക്ക് മറിഞ്ഞു വീണത്. ഇന്നലെ സന്ധ്യക്ക് ഏഴരയോടെയാണ് സംഭവം. പരിസരത്ത് വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായില്ല. വൈദ്യുതി തൂണുകളും കമ്പികളും തകർന്നിട്ടുണ്ട്.