മാഹി: മാഹിയിലേയ്ക്ക് സ്ഥലംമാറി വരാൻ പുതുച്ചേരിയുടെ മറ്റ് ഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് മടിയാണ്. സ്ഥലംമാറ്റം ചെയ്യപ്പെട്ട് എത്തുന്നവരാകട്ടെ, ഏത് വിധേനയും തിരികെ പോവും. മറ്റുചിലർ വർക്ക് അറേഞ്ച്മെന്റിന്റെ പേരിൽ പുതുച്ചേരിയിൽ നിന്ന് മാഹിയുടെ കണക്കിൽ ശമ്പളം വാങ്ങും. ഭരണകക്ഷിക്കും, ഉദ്യോഗസ്ഥ മേലാളൻമാർക്കും ഹിതകരമല്ലാത്തവരേയും, അച്ചടക്ക നടപടികളുടെ ഭാഗമായും, യാനം, കാരിക്കാൽ, പുതുച്ചേരി പ്രദേശങ്ങളിലുള്ളവരെ മാഹിയിലേക്ക് പണ്ടുമുതലേ സ്ഥലം മാറ്റാറുണ്ട്. പുതുച്ചേരിക്കാർക്ക് മയ്യഴി ഒരു 'അന്തമാൻ' തന്നെ.

അങ്ങിനെ വന്നെത്തുന്നവർ ദീർഘകാല അവധിയിൽ പ്രവേശിക്കും. അതുമല്ലെങ്കിൽ വല്ലപ്പോഴും ജോലിക്കെത്തുന്നവരായി മാറും. നിലവിൽ നൂറ്റി അമ്പതോളം ഉദ്യോഗസ്ഥർ പുതുച്ചേരിയിൽ നിന്നും മറ്റുമായി മാഹിയിൽ ജോലി ചെയ്യുന്നുണ്ട്. താമസിക്കാൻ ഇടം കിട്ടാത്തതാണ് മാഹിയിലേയ്ക്ക് വരാൻ ഇവരെ വിലയ്ക്കുന്നത്. മിക്ക കെട്ടിടങ്ങളും, ഒഴിവുള്ള വീടുകളുമൊക്കെ മദ്യഷാപ്പുകാരുടേയും, ഇതര വ്യാപാരികളുടേയും കൈവശമാണുള്ളത്. അവശേഷിക്കുന്നവ കിട്ടാൻ ലക്ഷങ്ങൾ അഡ്വാൻസും അഞ്ചക്കവാടകയും നൽകേണ്ടി വരും. താഴെ തട്ടിലുള്ള പല ഉദ്യോഗസ്ഥരും കടകളുടെ മുകൾ നിലയിലും മറ്റും കൂട്ടത്തോടെ താമസിക്കുകയാണ് പതിവ്. കൊവിഡ് കാലമായതോടെ അതിനും കഴിയാതായി. വകുപ്പ്‌മേധാവികളടക്കമുള്ളവരുടെ അവസ്ഥയും മറിച്ചല്ല.
താമസിക്കാനിടമില്ലാതെ ഉദ്യോഗസ്ഥരിൽ പലരും വെള്ളിയാഴ്ച വൈകീട്ട് പുതുച്ചേരിയ്ക്ക് പോകും. ശനി, ഞായർ അവധി കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയോട് കൂടിയോ, ചൊവ്വാഴ്ചയോ തിരിച്ചു വരികയാണ് പതിവ്. ഇപ്പോഴാകട്ടെ യാത്രയും നിലച്ചു. മാഹി-പുതുച്ചേരി ബസ് സർവ്വീസ് ഇല്ലാതായി. മറ്റ് മാർഗ്ഗങ്ങളിൽ എങ്ങിനെയെങ്കിലും എത്തിയാൽ രണ്ടാഴ്ച ക്വാറന്റൈനിൽ പോവുകയും വേണം.

ഒഴിഞ്ഞ കസേരകൾ
കൃഷി വകുപ്പ് അസി: ഡയറക്ടർ, സോഷ്യൽ വെൽഫെയർ അസി: ഡയറക്ടർ, ഫിഷറീസ് അസി: ഡയറക്ടർ, അസി. ലേബർ ഇൻസ്പക്ടർ, അക്കൗണ്ട്സ് ആൻഡ് ട്രഷറീസ് അസി: ഡയറക്ടർ, ട്രഷറി ഓഫീസർ, വിവിധ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഫയർ ഓഫീസർ തുടങ്ങിയ വകുപ്പുമേധാവികളുടെ കസേരകൾ ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി.

ക്വാർട്ടേഴ്സുകളിൽ പിടിവിടാതെ
മാഹിക്കാരായ ചില ഉദ്യോഗസ്ഥർ അനധികൃതമായി സർക്കാർ ക്വാട്ടേർഴ്സുകൾ കൈയ്യടക്കി വെച്ചിരിക്കുകയാണ്. സർക്കാരിൽ നിന്ന് ഭവന വായ്പ വാങ്ങി വീട് വെച്ചവരും, നേരത്തേ തന്നെ വീടുള്ളവരും ഇക്കൂട്ടത്തിൽ വരും. സ്വന്തം വീടിന്റെ താഴത്തെ നിലയും, മുകളിലത്തെ നിലയും ഭീമമായ സംഖ്യയ്ക്ക് വാടകയ്ക്ക് നൽകി, സർക്കാർ ക്വാട്ടേഴ്സുകളിൽ താമസിക്കുന്നവരുമുണ്ട്. ക്വാർട്ടേഴ്സുകൾ മറ്റ് ചിലർക്ക് വാടകയ്ക്ക് നൽകിയവരുമുണ്ട്.

മഞ്ചക്കലിലുള്ളത് 8 ബ്ലോക്കുകളിലായി അമ്പതിലേറെ ക്വാർട്ടേഴ്സുകൾ