കാസർകോട്/കാഞ്ഞങ്ങാട്: കനത്ത മഴയെ തുടർന്ന് പ്രളയ ഭീതിയിലായ കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 2000 ത്തോളം പേരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് ഒഴിഞ്ഞുപോയി. ഹൊസ്ദുർഗ് താലൂക്കിൽ മാത്രം 432 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കയ്യൂർ വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. കയ്യൂർ ചീമേനി, ക്ളായിക്കോട്, പേരോൽ, ചെറുവത്തൂർ,തുരുത്തി വില്ലേജുകളിലാണ് കൂടുതൽ ദുരിതം ഉണ്ടായിരിക്കുന്നത്.
റവന്യു അധികാരികളുടെയും ജനപ്രതിനിധികളുടെയും മുന്നറിയിപ്പ് അവഗണിച്ചു വീടുകളിൽ നിന്ന് ഒഴിയാൻ തയ്യാറാകാത്ത കുടുംബങ്ങൾക്ക് ജില്ലാ കളക്ടർ അപായമുന്നറിയിപ്പ് നൽകി.
ചന്ദ്രഗിരി പുഴ കരകവിഞ്ഞൊഴുകിയതിനാൽ കാസർകോട് തളങ്കരയിലും കൊറക്കോട് ഭാഗത്തുമായി 32 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചതായി തഹസിൽദാർ രാജൻ അറിയിച്ചു. കാസർകോട് നഗരസഭയിലെ തളങ്കര, കൊപ്പൽ ദേശത്തെ 20 കുടുംബങ്ങളിലെ 31 സ്ത്രീകൾ, ഏഴ് പുരുഷൻമാർ, 11 കുട്ടികൾ എന്നിവരെ തളങ്കര കുന്നിൽ ജി.എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മധൂർ പട്‌ളയിലും തുരുത്തിയിലും കുറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.
ബല്ല വില്ലേജിൽ ചെമ്മട്ടംവയൽ ആലയിറോഡും ജില്ലാ ആശുപത്രി പുതുവൈറോഡും വെള്ളത്തിൽ മുങ്ങി. ഇതോടെ അടമ്പിൽ ആലയി, പുതുവൈ,കക്കാട്ടി പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
മണ്ണിടിഞ്ഞ് തൊഴുത്തും
പശുക്കളും ഒലിച്ചുപോയി
രാജപുരം: ശക്തമായ മഴയിൽ ചാമുണ്ഡിക്കുന്ന് - പടിഞ്ഞാറെ തുമ്പോടി റോഡിൽ തുമ്പോടി തട്ടിൽ സ്ഥാപിച്ച പൈപ്പ് കൾവർട്ട് കരകവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും തൊഴുത്തും പശുക്കളും ഒലിച്ചുപോയി. പടിഞ്ഞാറെ തുമ്പോടിയിലെ വാതുക്കാടൻ സന്തോഷിന്റെ തൊഴുത്തും പശുക്കളുമാണ് ഒലിച്ചുപോയത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടു കൂടിയാണ് വലിയ ശബ്ദത്തോടു കൂടി മണ്ണിടിച്ചിൽ ഉണ്ടായത്. പരിസരവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് പശുക്കളെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിൽ വീടിന്റെ പാർശ്വഭിത്തി തകർന്നു. അര എക്കറോളം കാർഷിക വിളകളും നശിച്ചിട്ടുണ്ട്.
വിവരം അറിഞ്ഞ് കുറ്റിക്കോലിൽ നിന്ന് അഗ്നിരക്ഷാ സേനയും, റവന്യൂ, പൊലീസ്, വനം, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അധികൃതർ നിർദ്ദേശിച്ചതനുസരിച്ച് കുടുംബത്തെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി പാർപ്പിച്ചു.