pannaim
കരകവിഞ്ഞൊഴുകുന്ന പൊന്ന്യം പുഴ

തലശ്ശേരി: മയ്യഴിപ്പുഴ, പൊന്ന്യം പുഴ, ചാടാല പുഴ, കുണ്ടുചിറ അണക്കെട്ട്, ഒളവിലം ബണ്ട്, എരഞ്ഞോളി പുഴ എന്നിവിടങ്ങളിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ, ഇവിടങ്ങളിലെ തീരദേശവാസികളെ മാറ്റിപാർപ്പിച്ചു തുടങ്ങി. ചുണ്ടങ്ങാപൊയിൽ കീരങ്ങാട് ഭാഗത്ത് നിന്ന് മൂന്നും,കുണ്ടുചിറ അണക്കെട്ട് പരിസരത്ത് നിന്ന് മൂന്നും ചാടാല പുഴയുടെ തെങ്ങിൻ ഭാഗത്ത് നിന്നും 26 ഉം കുടുംബങ്ങളെയാണ് അധികൃതർ ഇടപെട്ട് ബന്ധുവീടുകളിലേക്ക് മാറ്റിയത്.

ഒളവിലം പാത്തിക്കൽ ഭാഗത്തെ അഞ്ചു വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തീരങ്ങളിൽ താമസിക്കുന്ന വീടുകളിലെ വയോജനങ്ങളെയും കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഇതിനകം മാറ്റിക്കഴിഞ്ഞു. ചീനത്ത് വയൽപ്രദേശത്ത് വെള്ളക്കെട്ട് ഉയർന്നു കൊണ്ടിരിക്കുകയാണ്.

ബൈപാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുഴയിൽ ബണ്ട് നിർമ്മിച്ചത് സ്വാഭാവിക ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചതും വെള്ളം ഉയരുന്നതിന് കാരണമായിട്ടുണ്ട്. പള്ളൂർ വയൽപ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
തലശ്ശേരി - പാനൂർ റൂട്ടിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കോപ്പാലം മേനക്കര റോഡുകൾ വഴിയുള്ള ഗതാഗതം നിലച്ചു.
അഴിയൂരിൽ പുഴയോരത്തും കടലോരത്തുമുള്ള ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നാല് ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ജലനിരപ്പ് അപകടകരമാം വിധം ഉയർന്നതിനെത്തുടർന്ന് തീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.