cpz-mazha-puzha
കനത്ത മഴയിൽ കരകവിഞ്ഞ കാര്യങ്കോട് പുഴ

ചെറുപുഴ: കനത്ത മഴയിൽ കാര്യങ്കോട് പുഴ കരകവിഞ്ഞ് ചെറുപുഴ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തോടുകളും കരകവിഞ്ഞതോടെ പല റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിലായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മഴ രാത്രിയും ശമനമില്ലാതെ തുടരുകയായിരുന്നു.

കോലുവള്ളി വാർഡിലെ വയലായി, കന്നിക്കളം എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. വയലായിൽ നിന്ന് ആറ് കുടുംബങ്ങളിൽ നിന്നായി 25 പേരെയും കന്നിക്കളത്ത് നിന്ന് എട്ട് കുടുംബങ്ങളിലെ 29 പേരെയും ബന്ധുവീടുകളിലേയ്ക്ക് മാറ്റി. ആയന്നൂരിലെ ടി.പി.മനോജിന്റെ വീട്ടിൽ അർധരാത്രി വെള്ളം കയറിയതിനാൽ ഈ കുടുംബത്തെയും ആയന്നൂർ ശിവക്ഷേത്രം മേൽശാന്തി ശ്രീഹരി നമ്പൂതിരിയെയും ക്ഷേത്രം ഓഡിറ്റോറിയത്തിലേയ്ക്ക് മാറ്റി. കാനംവയൽ, രാജഗിരി, ഇടകോളനി എന്നിവിടങ്ങളിലും വെള്ളം കയറി.

ചെറുപുഴ പ്രസിഡന്റ് ജമീല കോളയത്ത്, സെക്രട്ടറി എം.പി.ബാബുരാജ്, വയക്കര വില്ലേജ് ഓഫീസർ പി.കെ.ഷാജിമോൻ തുടങ്ങിയവർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. നാലു ദിവസമായി മുടങ്ങിയ വൈദ്യുതി വിതരണം ഭാഗികമായി മാത്രമേ പുനഃസ്ഥാപിക്കാനായുള്ളൂ