പേരാവൂർ: മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ തുരത്താൻ വനപാലകരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ട് രണ്ടു ദിവസമായെങ്കിലും ഇനിയും തുരത്താൻ കഴിയാത്തത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ആനക്കുഴി ഭാഗത്ത് തമ്പടിച്ച കാട്ടാനയെ തുരത്തി എടത്തൊട്ടി പ്രദേശത്ത് എത്തിയപ്പോഴേക്കും വീണ്ടും കാട്ടാന ആനക്കുഴി ഭാഗത്തേക്ക് തന്നെയെത്തി.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലാണ് കാട്ടന ഇറങ്ങിയത്. നിരവധി കർഷകരുടെ തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ച കാട്ടാന ആനക്കുഴി മേഖലയിലാണ് തമ്പടിച്ചിരുന്നത്. വനം വകുപ്പ് കൊട്ടിയർ റെയിഞ്ചർ പി.വിനുവിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വനപാലകരും റാപ്പിഡ് റെസ്‌പോൺസ് ടീം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കാട്ടാനയെ തുരത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇടയ്ക്കിടെ കനത്ത മഴ പെയ്തതും തുരത്തൽ ദുഷ്‌കരമാക്കി.