swamikal

കാസർകോട്: മടിക്കേരിയിലെ തലക്കാവേരിയിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽപെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. നാല് പേർക്കായി തെരച്ചിൽ തുടരുന്നു. തലക്കാവേരി ക്ഷേത്ര മുഖ്യപൂജാരി ടി.എസ്. നാരായണാചാരിയുടെ സഹോദരൻ ആനന്ദതീർത്ഥ സ്വാമിയുടെ (87) മൃതദേഹമാണ് ഇന്നലെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. പ്രധാന പൂജാരി, ഭാര്യ ശാന്ത നാരായണൻ, കീഴ്ശാന്തിമാരായ രവികിരൺ ഭട്ട്, കാസർകോട് അഡൂർ കായർത്തിമൂലയിലെ ശ്രീനിവാസ പദിലായ എന്നിവരെ കണ്ടെത്താനുണ്ട്.

പൂജാരിമാർ താമസിച്ചിരുന്ന രണ്ട് വീടുകളിലേക്ക് ബ്രഹ്മഗിരി കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം സ്ഥലത്ത് രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാവുകയാണ്. തലക്കാവേരിയിൽ വീണ്ടും കുന്നിടിയാനുള്ള സാദ്ധ്യത നിലനിൽക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.