ശ്രീകണ്ഠപുരം: രണ്ട് ദിവസമായി ഇടമുറിയാതെ പെയ്ത കനത്ത മഴയിൽ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ശ്രീകണ്ഠപുരം ടൗണിലെ 200 ഓളം വ്യാപാര സ്ഥാപനങ്ങൾ കുടിയാൻമലയിലും ചന്ദനക്കാംപാറ ചതുരംപുഴയിലും ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മിക്ക തോടുകളും പുഴകളും കരകവിഞ്ഞു.

പയ്യാവൂർ, കാഞ്ഞിലേരി, ചെരിക്കോട്, പൊടിക്കളം, ചെങ്ങളായി, പെരിങ്കോന്ന് തവറൂൽ, കൊയ്യം, മടമ്പം, കോട്ടൂർ, ശ്രീകണ്ഠപുരം, മലപ്പട്ടം എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മടമ്പം അലക്സ് നഗർ റോഡ്‌, മടമ്പം കൊയിലി റോഡ്, മടമ്പം റോഡുകളിൽ വെള്ളം കയറി. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയിൽ തുമ്പേനിയിലും, പൊടിക്കളത്തും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. ശ്രീകണ്ഠപുരം - ഇരിക്കൂർ സംസ്ഥാന പാതയിൽ തുമ്പേനി, ശ്രീകണ്ഠപുരം - പയ്യാവൂർ റോഡിൽ പൊടിക്കളം, ശ്രീകണ്ഠപുരം - മലപ്പട്ടം റോഡിൽ കോട്ടൂർ, അഡൂർ, പൊടിക്കളം - മടമ്പം റോഡ്, ഏരുവേശ്ശി ചെമ്പേരി റോഡിൽ വളയം കുണ്ട്, ചെങ്ങളായി - പെരിങ്കോന്ന് റോഡിൽ മുങ്ങം, കണിയാർ വയൽ- ഉളിക്കൽ റോഡിൽ കാഞ്ഞിലേരി എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം നിലച്ചു.

ചെങ്ങളായി കൊവ്വപ്രം, തേർലായി, കൊയ്യം, ബോട്ടുകടവ്, മുങ്ങം, തവറൂൽ, പൊരുമ്പാറക്കടവ് മലപ്പട്ടം പരിപ്പൻ കടവ്, തേക്കിൻ കൂട്ടം, മുനമ്പ് , കൊവുന്തല, അടിച്ചേരി, അഡൂർ, കൊളന്ത, കാഞ്ഞിലേരി, വയക്കര, ബാലങ്കരി, ഇരിക്കൂർ, പട്ടുവം, കോളോട്, നിടുവള്ളൂർ, നിലാമുറ്റം, കുളിഞ്ഞ, കുട്ടാവ്‌, ചേടിച്ചേരി എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. ചെങ്ങളായി കൊവ്വപുറത്തെ 150 കുടുംബങ്ങൾ ഉൾപ്പെടെ മലയോര മേഖലയിലെ 500 ഓളം കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും വെള്ളം ഉയരുന്നതിന് മുൻപ് തന്നെ അവസരോചിതമായി ഇടപെട്ടതിനാൽ ആളുകളെ ബുദ്ധിമുട്ട് ഇല്ലാതെ മാറ്റാനായി.