കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പോക്സോ കോടതി ഉടൻ പ്രവർത്തനമാരംഭിക്കും. സിറ്റിംഗ് അടുത്ത മാസം ആരംഭിക്കുമെന്നാണ് സൂചന. കോടതിക്കായുള്ള കെട്ടിടം പ്രവൃത്തി അവസാനഘട്ടത്തിലാണ്. നിലവിൽ ബാർ അസോസിയേഷൻ ഓഫീസായി പ്രവർത്തിച്ച കെട്ടിടം നവീകരിച്ചാണ് പോക്സോ കോടതി ആരംഭിക്കുന്നത്.
ഹൊസ്ദുർഗ് കോടതി സമുച്ചയത്തിൽ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, മുൻസിഫ്, സബ് കോടതികളാണ് പ്രവർത്തിക്കുന്നത്. 37 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിന് ആദ്യഘട്ടത്തിൽ വകയിരുത്തിയത്. ഇതിൽ 60000 രൂപ ബാർ അസോസിയേഷന്റെ സംഭാവനയാണ്. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ പ്രവൃത്തിയുടെ ചുമതല വഹിക്കുന്നത്. കാസർകോട് അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നിലവിൽ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നത്.
പോക്സോ കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ കോടതി ഇതിന് വേണ്ടി മാത്രമായി അനുവദിച്ചത്. മലയോരത്തും തീരദേശത്തുമുള്ളവർക്ക് കാസർകോട് ജില്ലാ ആസ്ഥാനം വരെ എത്തുക വലിയ ദുരിതമാണ്. ഇതാണ് കാഞ്ഞങ്ങാടിന് തന്നെ കോടതി ലഭിക്കാൻ കാരണമായി പറയുന്നത്.
ബാർ അസോസിയേഷന്റെ കൂടി നിരന്തരമുള്ള ഇടപെടലിലൂടെയാണ് പോക്സോ കോടതി ഇപ്പോഴെങ്കിലും വരുന്നത്.
ബാർ അസോസിയേഷന് ഇനി ഓഫീസില്ല
ബാർ അസോസിയേഷൻ ഓഫീസായി പ്രവർത്തിച്ച കെട്ടിടം പുതിയ കോടതിക്കു വിട്ടുകൊടുത്തതോടെ ഇരുന്നൂറിൽപ്പരം അഭിഭാഷകരുള്ള ഹൊസ്ദുർഗ് കോടതി സമുച്ചയത്തിൽ അഭിഭാഷകർക്ക് ഓഫീസില്ലാതായി. ഓഫീസില്ലാത്തത് പ്രശ്നമാണെങ്കിലും, ഒരു പുതിയ കോടതി ഏറെ കാലത്തിനു ശേഷം കാഞ്ഞങ്ങാട്ട് തുറക്കാൻ പോകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ബാർ അസോസിയേഷൻ പ്രസിഡണ്ട് കെ സി ശശീന്ദ്രൻ പറഞ്ഞു.
ഏറ്റവും കൂടുതൽ പോക്സോ കേസുകൾ വരുന്നത് കാഞ്ഞങ്ങാട് മേഖലയിൽ നിന്നാണ്. അതിനാൽ തന്നെ കോടതി പ്രവർത്തനക്ഷമമാകുന്നത് കക്ഷികൾക്കു മാത്രമല്ല അഭിഭാഷകർക്കും ആശ്വാസമാണ്. കെ.സി ശശീന്ദ്രൻ, ബാർ അസോസിയേഷൻ പ്രസിഡന്റ്