കൂത്തുപറമ്പ്: കനത്ത മഴയിൽ മെരുവമ്പായിക്കടുത്ത കണ്ടംകുന്നിൽ വ്യാപാര സ്ഥാപനം തകർന്നു. കൂത്തുപറമ്പ്-മട്ടന്നൂർ റോഡിൽ കണ്ടംകുന്ന് ജംഗ് ഷനിലെ കെ.എൻ. കുഞ്ഞമ്മദിന്റെ ഉടമസ്ഥയിലുള്ള കെട്ടിടമാണ് തകർന്നത്. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിൽ ഇരുനില കെട്ടിടം തകർന്നു വീഴുകയായിരുന്നു. പ്രധാന റോഡിലാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചിട്ടുള്ളത്. ചിക്കൻ സ്റ്റാളാണ് തകർന്ന കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്നത്. അവശേഷിക്കുന്ന ഭാഗവും ഏത് സമയവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്.

ശക്തമായ മഴയിൽ കൂത്തുപറമ്പിനടുത്ത പാച്ചപ്പൊയ്കയിൽ 24 കോൽ താഴ്ചയുള്ള കിണർ തകർന്നു. ഓലായിക്കരയിലെ കച്ചേരി മോഹനന്റെ വീട്ടിലെ കിണറാണ് പൂർണ്ണമായും തകർന്നത്. ഏതാനും ദിവസം മുൻപ് കിണറിന്റെ പകുതി ഭാഗം തകർന്ന് അപകടാവസ്ഥയിലായിരുന്നു. 24 കോൽ ആഴമുള്ള കിണർ പൂർണ്ണമായും ചെങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിച്ചിരുന്നു. വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് പൂർണമായും മണ്ണിട്ട് മൂടി.