forest
കാട്ടാനയെ തുരത്തിയ വനപാലകർ മടങ്ങാനൊരുങ്ങുന്നു

കേളകം: ഇടമുറിയാതെ പെയ്യുന്ന മഴ, റോഡും പുഴയും വെള്ളം നിറഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. കാട്ടാനയ്ക്കും കൊടുങ്കാറ്റിനും ഇടയിൽ ഉറങ്ങാതെ കഴിയുന്ന കർഷകർ. ഇവരുടെ വേവലാതികൾക്കൊപ്പമായിരുന്നു വനം വകുപ്പും. ഒടുവിൽ മൂന്നാം ദിവസം ദൗത്യം വിജയിച്ചപ്പോൾ വനപാലകരുടെ മുഖത്ത് സംതൃപ്തി.

ആറളം വന്യജീവി സങ്കേതത്തിൽനിന്നും പുഴകടന്ന് പതിനാറോളം കിലോമീറ്റർ പിന്നിട്ട് കല്ലേരിമലയിലെ ജനവാസ മേഖലയിറങ്ങി വട്ടംകറങ്ങിയ ഒറ്റയാനായിരുന്നു വില്ലൻ. തീവ്രശ്രമത്തിനൊടുവിൽ ഇന്നലെ പുലർച്ചെയാണ് കാട്ടാനയെ പുഴകടത്തി വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. ഇതിനിടെ വൻതോതിൽ കാർഷിക വിളകളും കാട്ടാന നശിപ്പിച്ചു.

ആറളം വൈൽഡ് ലൈഫ് വാർഡൻ ഷജ്ന കരീമിന്റെയും കണ്ണൂർ ഡി.എഫ്.ഒ.ഇൻചാർജ് വി. രാജന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് കനത്ത മഴയിലും പ്രതികൂലകാലാവസ്ഥയിലും രാവുംപകലും പ്രയത്നിച്ച് അതിസാഹസികമായി ഒറ്റയാനെ തുരത്തിയത്. ഇതിനിടയിൽ കാട്ടാന പലതവണ വനപാലകർക്ക് നേരെ തിരിഞ്ഞിട്ടും സംഘം പിന്തിരിഞ്ഞില്ല. കൊട്ടിയൂർ റേഞ്ചർ പി.വിനു, ആറളം റേഞ്ചർ സോളമൻ, കണ്ണവം റേഞ്ചർ ഹരിലാൽ, റാപ്പിഡ് റെസ്‌പോൺസ് ടീം ഡപ്യൂട്ടി റേഞ്ചർ ഹരിദാസൻ, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

40 വനപാലകർ, മൂന്നുസംഘങ്ങൾ

40 വനപാലകർ മൂന്നു സംഘങ്ങളായാണ് ഓപ്പറേഷൻ നടത്തിയത്. ഇടക്കിടെ ഒറ്റയാൻ ചിന്നംവിളിച്ച് വനപാലകരുടെ നേരെ തിരിഞ്ഞു. കനത്ത മഴ പെയ്തതും തുരത്തൽ ദുസ്സഹമാക്കി. ഓടുന്നതിനിടെ രണ്ടുപേർക്ക് വീണ് പരിക്കേറ്റു. ആകെ കുറച്ച് പടക്കം മാത്രമായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. കനത്ത മഴയിൽ ബാവലിപ്പുഴയിൽ വെള്ളം ഉയർന്നതിനാൽ ആന ജനവാസ മേഖലയിൽനിന്ന് പുഴകടന്ന് പോകുമോയെന്നും ആശങ്കയുണ്ടായിരുന്നു. ഒടുവിൽ ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ദൗത്യം പൂർത്തിയായി.


ബൈറ്റ്

കണ്ണൂർ ജില്ലയിലെ വനപാലകരുടെ നാൽപതംഗ സംഘം ഊണും ഉറക്കവുമില്ലാതെയാണ് നാടിനെ ഇളക്കിമറിച്ച കൊമ്പനെ തിരിച്ചയച്ചത്. കനത്ത മഴയിലും എല്ലാവരും ഒറ്റമനസ്സോടെയാണ് പ്രവർത്തിച്ചത്.

ഷജ്ന കരീം, വൈൽഡ് ലൈഫ് വാർഡൻ, ആറളം