kunnu
കാസർകോട് സിറ്റിടവറിന് എതിർവശത്തെ കുന്നിടിഞ്ഞ നിലയിൽ

വെള്ളമിറങ്ങിത്തുടങ്ങി, മാറ്റിപ്പാർപ്പിച്ചത് 3420 പേരെ

കാസർകോട്: രണ്ടുദിവസമായി വടക്കൻ കേരളത്തിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് കെടുതികൾ രൂക്ഷമായി. അതേസമയം ഇന്നലെ മഴ അല്പം കുറഞ്ഞതിനാൽ പുഴകളിലും ജലാശയങ്ങളിലും ഉയർന്നുവന്നിരുന്ന വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആയിരക്കണക്കിനാളുകൾ സുരക്ഷിത കേന്ദ്രങ്ങളിലും ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുകയാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വിനി, ചന്ദ്രഗിരി, ചൈത്ര വാഹിനി അടക്കം ജില്ലയിലെ 11 പുഴകളിലും വെള്ളം ഉയർന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. കാസർകോട് സിറ്റി ടവറിന് എതിർവശത്തെ കുന്നിടിഞ്ഞതിനെതുടർന്ന് മുകൾ ഭാഗത്ത് താമസിക്കുന്ന വീട്ടുകാരോട് മാറി താമസിക്കുവാൻ വില്ലേജ് ഓഫീസർ നിർദ്ദേശം നൽകി.

ജില്ലയിൽ 935 കുടുംബങ്ങളിലെ 3420 പേരാണ് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. വെള്ളരിക്കുണ്ട് താലൂക്കിൽ മൂന്നും ഹോസ്ദുർഗ് താലൂക്കിൽ രണ്ടും കാസർകോട് താലൂക്കിൽ ഒന്നും വീതം ക്യാമ്പുകളാണ് ആരംഭിച്ചത്. കുമ്പളയിലെ ഉളുവാർ, കളായി, തളങ്കര കടവത്ത് കൊപ്പൽ കോളനി,നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, ചാത്തമത്ത്, പൊടോത്തുരുത്തി, കാര്യങ്കോട്, ഓർച്ച മുണ്ടേമാട് ദ്വീപ്, കിനാനൂർ-കരിന്തളം, കയ്യൂർ-ചീമേനി എന്നിവയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പൊയിനാച്ചി - ബന്തടുക്ക റോഡിൽ പുന്നക്കാലിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

പൂർണ്ണമായും തകർന്ന വീടുകൾ 10

ഭാഗികമായി തകർന്നത് 107