തൃക്കരിപ്പൂർ: കൊവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് അടച്ചിട്ട തൃക്കരിപ്പൂരിൽ നിയന്ത്രണങ്ങളോടെ അയവു വരുത്താൻ തീരുമാനിച്ചു. പഞ്ചായത്ത് സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. നിത്യോപയോഗ സാധന കച്ചവട സ്ഥാപനങ്ങൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കാം. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. ലൈഫ് മിഷൻ-ഹയർ സെക്കൻഡറി പ്രവേശനം അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് പരിഗണിച്ച് അക്ഷയ കേന്ദ്രങ്ങളും ഓൺലൈൻ സേവനം നല്കുന്ന സ്ഥാപനങ്ങളും ജില്ലാ ഭരണകൂടം അനുവദിച്ച സമയപരിധിയിൽ തുറന്ന് പ്രവർത്തിക്കും.
ഹോട്ടലുകളിൽ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പാർസ്സൽ മാത്രം അനുവദിക്കും. മത്സ്യം, കോഴി, മാംസ വില്പന അനുവദനീയമല്ല. സൂപ്പർ മാർക്കറ്റുകള്‍ ഹോം ഡെലിവറി മാത്രമായി നടത്തണം. അടച്ചിട്ട മറ്റു സ്ഥാപനങ്ങൾ ശുചീകരിക്കുന്നതിനായി ബുധനാഴ്ച തുറക്കാം. അടുത്ത ഞായറാഴ്ച വീണ്ടും യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. ഓട്ടോറിക്ഷകൾക്ക് പാസ് അനുവദിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ എച്ച്.ഐ.എം.കൃഷ്ണൻ, സി.രവി, ഇ.വി.ഗണേശൻ, പി.കുഞ്ഞമ്പു, സത്താർ വടക്കുമ്പാട്, കെ.രാജൻ, കെ.വി.മുകുന്ദൻ, ഇ നാരായണൻ, എ.മുകുന്ദൻ, ഇ.പി.ദാമോദരൻ സംസാരിച്ചു. പി.പി.സജീന്ദ്രൻ സ്വാഗതം പറഞ്ഞു.