കാസർകോട്: കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിലെ മെക്കാനിക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു തിങ്കളാഴ്ച ഡിപ്പോ അടച്ചിടും. അണുനശീകരണം നടത്താനാണ് ഡിപ്പോ അടച്ചിടുന്നത്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ മെക്കാനിക്കിനാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്.
ഇതേതുടർന്ന് ഡിപ്പോയിലെ പന്ത്രണ്ടോളം സഹപ്രവർത്തകരും ഏതാനും ഡ്രൈവർമാരും കണ്ടക്ടർമാരും ക്വാറന്റൈനിൽ പോയി. ബുധനാഴ്ച മെക്കാനിക്ക് ഡിപ്പോയിൽ ജോലിക്കെത്തിയിരുന്നു. 12 മെക്കാനിക്കുമാർ അന്ന് ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്നു. ബസ് കുറവായതിനാൽ കാഞ്ഞങ്ങാട് നിന്ന് കാറിൽ വരുമ്പോൾ മൂന്നു ജീവനക്കാരും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടാകാറുണ്ട്. ശനിയാഴ്ച രോഗലക്ഷണം കണ്ടതിനെ തുടർന്ന് സ്രവ പരിശോധന നടത്തിയ മെക്കാനിക്ക് ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. ഡിപ്പോ അടച്ചിടുന്നതിനാൽ കണ്ണൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഇന്ന് കാസർകോട്ടേക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.