കേളകം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അടക്കാത്തോട് വാളുമുക്കിലെ ചാപ്പത്തോട്ടിലും വളയംചാൽ മേച്ചേരി തോട്ടിലുമുണ്ടായ കുത്തൊഴുക്കിനെത്തുടർന്ന് രണ്ടിടങ്ങളിലായി ആനമതിൽ തകർന്നു. ചാപ്പത്തോട്ടിലൂടെ മരത്തടികളും മറ്റും ഒഴുകി വന്നടിഞ്ഞതാണ് ആനമതിൽ തകരാൻ കാരണമായത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയത്തിലും ഈ പ്രദേശങ്ങളിൽ ആനമതിൽ തകർന്നിരുന്നു. ഇതിന്റെ പുനർനിർമ്മാണം നടക്കുന്നതിനിടയിലാണ് വീണ്ടും തകർന്നത്. മഴക്കാലത്ത് വെള്ളം കൃത്യമായി ഒഴുകിപ്പോകാൻ സംവിധാനമൊരുക്കാത്തതാണ് ആന മതിൽ തകരാനിടയാക്കിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ആനമതിൽ തകർന്ന രണ്ടിടങ്ങളിലും എം.എൽ.എ. അഡ്വ. സണ്ണി ജോസഫ് സന്ദർശിച്ചു.
ആനമതിലിന് ഭീഷണിയായ മരത്തടികളും മാലിന്യവും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ,നിയോജക മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു ഓളാട്ടുപുറം തുടങ്ങി 25 ഓളം പ്രവർത്തകർ നേതൃത്വം നൽകി.