മാഹി: കേരള-മാഹി അതിർത്തിയിൽ കിടക്കുന്ന ആറ് വീട്ടുകാരും അഞ്ച് സ്ഥലമുടമകളും ഒരു കടയുടമയും രാജ്യത്തിന്റെ ഭൂപടത്തിലില്ല! ഇവർ കേരളത്തിന്റെ റവന്യു രേഖകളില്ല. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മയ്യഴിയുടെ സർവെ റെക്കാർഡിലുമില്ല. സംസ്ഥാന അതിർത്തി നിർണ്ണയം നടത്തിയപ്പോൾ അധികൃതർക്ക് സംഭവിച്ച കൈപ്പിഴയുടെ ദുരിതം, തലമുറകളായി ഇവർ അനുഭവിക്കുകയാണ്.

പുതിയ കെട്ടിടത്തിന് പ്ലാൻ അനുവദിച്ചു കിട്ടില്ല. ക്രയവിക്രയം നടത്താനാവില്ല. സ്ഥലവും വീടും പണയപ്പെടുത്തി ബാങ്ക് വായ്പകളടക്കം എടുക്കാനുമാവില്ല. ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള രേഖകളും ഇവർക്കില്ല. ചിലരുടെ കൈവശം കേരളത്തിന്റെ ആധാരമുണ്ടെങ്കിലും, ഇപ്പോൾ ഈ സ്ഥലം അവരുടെ രേഖകളിലില്ലെന്നാണ് കേരള റവന്യൂ അധികൃതരുടെ നിലപാട്. ഇതുമൂലം വീട് നന്നാക്കാനും, പെൺകുട്ടികളുടെ വിവാഹവും മറ്റും നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്.
ഏറേക്കാലത്തെ മുറവിളിക്കും ഇടപെടലുകൾക്കുമൊടുവിൽ, മയ്യഴി ഭരണകൂടം ഇവർക്ക് റേഷൻ കാർഡ്, വൈദ്യുതി കണക്ഷൻ എന്നിവ അനുവദിച്ച് നൽകിയിട്ടുണ്ട്. ചിലർക്ക് കുടിവെള്ള കണക്ഷനും നൽകിയിട്ടുണ്ട്. മയ്യഴിയിൽപ്പെട്ട ചെറുകല്ലായി കുന്നിന്റെ പടിഞ്ഞാറ് ഭാഗത്തെ അതിർത്തിറോഡിനും പടിഞ്ഞാറ് ഭാഗത്താണ് ആറ് വീടുകളുള്ളത്.

കരിയാണ്ടി മീത്തൽ ചാത്തോടത്ത് സൗമിനി, പരേതനായ അനന്തൻ, പരേതയായ ദേവു, ലിസ്സി നിവാസിൽ രാഘവൻ, ചാത്തോടത്ത് വിജയൻ ,ചാത്തോടത്ത് കൗസു എന്നിവരുടേതാണ് ഈ വീടുകൾ. ഇതിന് പുറമെ ഫ്രഞ്ച് പെട്ടിപ്പാലത്തിന്നടുത്തും, കല്ലാപ്പള്ളികുന്നിന്റെ വടക്ക് ചെട്ട്യാം വീട് ഭാഗത്തും ഇതുപോലെ കേരളത്തിലും, മാഹിയിലും പെടാത്ത സ്ഥലങ്ങളുണ്ട്. ഫ്രഞ്ച് പെട്ടിപ്പാലത്തിന്നടുത്ത് ഒരു ഇരുനില കടയും എവിടേയും പെടാത്ത അവസ്ഥയിൽ കിടക്കുന്നു.

പണ്ടെങ്ങോ സംസ്ഥാന അതിർത്തി നിർണ്ണയിച്ചപ്പോൾ സ്ഥാപിച്ച വലിയ സർവ്വെ കല്ലുകൾ ഇവിടെ കാണാനുണ്ട്. എന്നാൽ അതനുസരിച്ചുള്ള കിടപ്പല്ല ഇപ്പോഴുള്ളത്. യഥാർത്ഥ ഉടമകൾ പലരും മരണപ്പെട്ട് പോയെങ്കിലും, അവരുടെ അവകാശികളാണ് ഇപ്പോൾ ഈ വീടും സ്ഥലങ്ങളുമെല്ലാം കൈവശം വെച്ചിട്ടുള്ളത്.

പുതുച്ചേരിക്ക് ഒന്നും ചെയ്യാനാവില്ല

കേന്ദ്ര ഭരണ പ്രദേശമെന്ന നിലയിൽ അതിർത്തി നിർണ്ണയം സംബന്ധിച്ച കാര്യങ്ങളിൽ പുതുച്ചേരി സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാവില്ല. ഇത് സംബന്ധിച്ച് തീർപ്പിലെത്താൻ ഒന്നുകിൽ കേന്ദ്ര സർക്കാരിനോ, അല്ലെങ്കിൽ കോടതി ഇടപെടലുകൾക്കോ മാത്രമേ സാദ്ധ്യമാവുകയുള്ളൂ. നിർദ്ധന കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അവർക്കാകട്ടെ ഇതിനുള്ള ശേഷിയുമില്ല.