കണ്ണൂർ: ശക്തമായി തുടരുന്ന മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ജില്ലയിലെ നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. 1817 കുടുംബങ്ങളിൽ നിന്നായി 8105 പേരാണ് ഇതുവരെ ബന്ധുവീടുകളിലേക്ക് മാറിയത്. 30 കുടുംബങ്ങളിൽ നിന്നായി 86 പേർ ക്യാമ്പുകളിലും കഴിയുന്നുണ്ട്. ജില്ലയിൽ ഇന്നലെ പുതുതായി ഒമ്പത് ക്യാമ്പുകൾ ആരംഭിച്ചു.
കണ്ണൂർ താലൂക്കിൽ ഇതുവരെ 369 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ പ്രവത്തനമാരംഭിച്ചത്. കണ്ണാടിപറമ്പ, കണ്ണപുരം ഭാഗങ്ങളിൽ കുന്നിടിച്ചലിനെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായി. കണ്ണാടിപ്പറമ്പിൽ ഒരു കിണർ പൂർണമായും മണ്ണുമൂടി. ഒരു വീടിനു നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.
തലശ്ശേരി താലൂക്കിലെ 13 വില്ലേജുകളിൽ നിന്നായി 406 കുടുംബങ്ങളെ ഇന്നലെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസം 424 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ശിവപുരം വില്ലേജിൽ ഒരു വീട് പൂർണമായും തകർന്നു. ഇതുവരെ താലൂക്ക് പരിധിയിൽ 358 വീടുകൾക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്.
പയ്യന്നൂർ താലൂക്കിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെറുതാഴത്ത് ഒരു വീട് ഭാഗികമായി തകർന്നു. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. രാമന്തളി കക്കംപാറയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഇരിട്ടി താലൂക്കിൽ 142 കുടുംബങ്ങളിൽ നിന്നായി 538 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 88 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു.
പൂർണമായും തകർന്ന വീടുകൾ 20
ഭാഗികമായി തകർന്നത് 978