ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽപ്പെട്ട ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 9 പേർക്കു കൊവിഡ് പോസിറ്റിവായി ഫലം വന്നതായി സൂചന ലഭിച്ചിരുന്നു. എന്നാൽ ഇന്നലെയാണ് ഇത് സ്ഥിരീകരിച്ചത്.
ഇതിന് പുറമെ പായം സ്വദേശിയായ ഒരാൾക്കുകൂടി പരിശോധനാ ഫലം പോസിറ്റിവായി. ഇതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ സമ്പർക്കം മൂലം രോഗ ബാധിതരായവരുടെ എണ്ണം 11 ആയി. കൊവിഡ് സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ച ഡോക്ടറും 27 മുതൽ 7 വരെ കിടത്തി ചികിത്സയിലുണ്ടായിരുന്ന 69 പേരും ഇവരുടെ 39 കൂട്ടിരിപ്പുകാരും അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ക്വാറന്റൈനിൽ പോയിട്ടുണ്ട്. ഇനിയും കൂട്ടിരിപ്പുകാർ ഉണ്ടെന്ന നിരീക്ഷണത്തെത്തുടർന്ന് ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.