കാഞ്ഞങ്ങാട്: ഞായറാഴ്ചകൾ അരയിയിലെ വൈറ്റ് ആർമിക്ക് വിശ്രമിക്കാനുള്ളതല്ല. സമൂഹത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് വീടൊരുക്കാനും തകർന്നുവീഴാറായ വീടുകൾ അറ്റകുറ്റപ്പണി നടത്താനും ഈ സമയം അവർ ഉപയോഗപ്പെടുത്തുന്നു. 2012ലാണ് ഈ സേവനപ്രവർത്തനത്തിന് ഇവർ തുടക്കം കുറിക്കുന്നത്. ആറ് സുഹൃത്തുക്കൾ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഒരു കൂട്ടുകാരന്റെ വീട് നിർമാണം ഏറ്റെടുക്കുകയായിരുന്നു.

സഹപ്രവർത്തകന്റെ ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമായപ്പോൾ അവരുടെ കണ്ണിന്റെ തിളക്കം കണ്ട കൂട്ടുകാർ നിർദ്ധനരായ കുടുംബങ്ങൾക്ക് ഇനിയും കൂടൊരുക്കാൻ തീരുമാനിച്ചു. അവധി ദിവസങ്ങൾ ചെലവഴിച്ച് വീട് നിർമ്മിച്ചു കൊടുക്കാനുള്ള ഈ കൂട്ടായ്മയ്ക്ക് വൈറ്റ് ആർമിയെന്ന് പേരും നല്കി. ആഴ്ചയിൽ ആറ് ദിവസവും ശാരീരികമായി ഏറെ അധ്വാനം ആവശ്യമുള്ള നിർമ്മാണ തൊഴിൽ ചെയ്യുന്നവരാണെങ്കിലും വിശ്രമദിവസം കൂടുതൽ ഉത്സാഹത്തോടെ ഇവർ നിർദ്ധനർക്ക് വേണ്ടി ജോലി ചെയ്തു. 2020ൽ എത്തി നിൽക്കുമ്പോൾ 40 സ്വപ്ന ഭവനങ്ങളാണ് വൈറ്റ് ആർമി പണിതു നൽകിയത്. ഇതിനു പുറമെ നിരവധി വീടുകളുടെ ഭാഗികമായ നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും ഏറ്റെടുത്ത് പൂർത്തീകരിച്ചിട്ടുണ്ട്.

നിർമാണ സാമഗ്രികൾ റെഡി ആണെങ്കിൽ തറ മുതൽ മേൽക്കൂര വരെയുള്ള പണികൾ വൈറ്റ് ആർമി ചെയ്തുനല്കും. കൂട്ടായ്മയിൽ ഇന്ന് 30 പേരുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥികൾ മുതൽ 50 വയസ് പ്രായമുള്ള നാരായണേട്ടൻ വരെ.

പണിത് കൊടുക്കേണ്ട വീടുകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കാനും ജോലികൾ ഏകീകരിക്കാനും ഒരു കൺവീനർ മാത്രമാണ് കൂട്ടായ്മയ്ക്കുള്ളത്. ചില സ്ഥലങ്ങളിൽ ഒരു വൈകുന്നേരം പോയിട്ട് രാത്രി മുഴുവനും പിറ്റേ ദിവസം പകലും ഉപയോഗിച്ച് വീടിന്റെ ഇലക്ട്രിക്ക്, പ്ലംബിംഗ് ജോലികൾ തീർത്തു കൊടുത്തിട്ടുണ്ട്. കിണറുകൾ വൃത്തിയാക്കൽ, ആഴംകൂട്ടൽ, ജലസ്രോതസുകളുടെ സംരക്ഷണം, തകർന്ന റോഡുകൾ നന്നാക്കൽ, രക്തദാനം തുടങ്ങി വിവിധ മേഖലകളിലും വൈറ്റ് ആർമി മുന്നിലുണ്ട്. പ്രളയാനന്തരം ചാലക്കുടിയിലെ ഗ്രാമങ്ങളുടെ പുനർനിർമാണത്തിന് പോയ 'ഓണത്തോണി' എന്ന സംഘത്തെ നയിച്ചതും വൈറ്റ് ആർമി ആയിരുന്നു. നഗരസഭാ ചെയർമാൻ വി.വി രമേശന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ചാലക്കുടിയിലേക്ക് തിരിച്ചത്.